ഡൽഹി വസുന്ധര സെക്ടർ-1-ൽ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനായ ജിം ട്രെയിനറും പിടിയിലായി. ഝാൻസി സ്വദേശിയായ ശശാങ്ക് കാന്താരിയയെ ആക്രമിച്ച കേസിലാണ് ഭാര്യ പ്രിയ ശർമ, ജിം പരിശീലകനായ പ്രതാപ് സിങ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
വസുന്ധര ജാഗ്രിതി റെസിഡന്റ് സൊസൈറ്റിയിലെ വസതിയിൽ വെച്ച് ഒക്ടോബർ 26-ആം തീയതി രാവിലെയാണ് പ്രതാപ് സിങ് ശശാങ്ക് കാന്താരിയയെ ആക്രമിച്ചത്. പ്രിയ ശർമയും പ്രതാപ് സിങ് തമ്മിലുള്ള അവിഹിത ബന്ധത്തെ ശശാങ്ക് ചോദ്യം ചെയ്യുകയും ശക്തമായി എതിർക്കുകയും ചെയ്തിരുന്നു.
ഇതിലുള്ള വിരോധം കാരണമാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഡൽഹിയിൽ അക്കൗണ്ടന്റുകളായി ജോലി ചെയ്തുവരികയായിരുന്ന ശശാങ്കും പ്രിയയും നാല് വർഷം മുൻപാണ് വിവാഹിതരായത്.
പ്രിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വസുന്ധര സെക്ടർ-1-ലെ ഫ്ലാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ഫിറ്റ്നെസ് ഹെഡ്ക്വാർട്ടേഴ്സ് എന്ന ജിമ്മിലെ ട്രെയിനറാണ് പ്രതാപ് സിങ്. എട്ടുമാസം മുൻപാണ് പ്രിയ ഈ ജിമ്മിൽ അംഗത്വമെടുത്തത്.
തുടർന്ന് പ്രതാപുമായി പരിചയത്തിലായ പ്രിയ വാട്സാപ്പ് വഴി നിരന്തരം ചാറ്റിങ് തുടരുകയും ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. തുടർന്ന് ഇരുവരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഭർത്താവ് ജോലിക്ക് പോകുന്ന സമയങ്ങളിൽ പ്രിയ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതും പതിവായിരുന്നു. ചില ദിവസങ്ങളിൽ സുഖമില്ലെന്ന് കള്ളം പറഞ്ഞ് പ്രിയ ജോലിക്ക് പോകാതിരിക്കുകയും, ഈ സമയങ്ങളിൽ ശശാങ്ക് വീടുവിട്ടിറങ്ങിയതിന് പിന്നാലെ പ്രതാപ് വീട്ടിലെത്തുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.
ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് വിവരം അറിഞ്ഞ ശശാങ്ക് കാന്താരിയ ഇതിനെതിരെ കടുത്ത നിലപാട് എടുത്തു. ഈ പ്രശ്നങ്ങൾ കാരണം പ്രസ്തുത പ്രദേശത്തുനിന്ന് താമസം മാറാനും ഇദ്ദേഹം തീരുമാനിച്ചിരുന്നു.
ദീപാവലിക്ക് ശേഷം പുതിയ സ്ഥലത്തേക്ക് മാറിത്താമസിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ നീക്കം മനസ്സിലാക്കിയ പ്രിയയും പ്രതാപും ശശാങ്കിനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ 25-ന് പ്രഭാതസവാരിക്കിടെ കണ്ടുമുട്ടിയ പ്രതികൾ പിറ്റേദിവസം തന്നെ ആക്രമണം നടപ്പാക്കാൻ തീരുമാനിച്ചു. ഭർത്താവിനെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ നിർദ്ദേശിച്ചത് പ്രിയയായിരുന്നു.
തുടർന്ന് അന്നേദിവസം രാത്രി വാട്സാപ്പിലൂടെയും പ്രതികൾ ഗൂഢാലോചന ചർച്ച ചെയ്തു. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 26-ന് രാവിലെ പ്രിയ ജിമ്മിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീടിന് പുറത്തിറങ്ങി.
എന്നാൽ വീടിന്റെ വാതിലും ഗേറ്റും അടയ്ക്കാതെയാണ് പ്രിയ പോയത്. ഈ സമയം പുറത്ത് കത്തിയുമായി തയിഞ്ഞിരുന്ന പ്രതാപ് സിങ് നേരെ അകത്തേക്ക് അതിക്രമിച്ച് കയറുകയും ശശാങ്കിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
നിരവധി തവണയാണ് ശശാങ്കിന് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ നിലവിളി കേട്ടെത്തിയ അയൽക്കാരും പൊലീസും ചേർന്നാണ് പരിക്കേറ്റ ശശാങ്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധം പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വധശ്രമത്തിന് പുറമേ ക്രിമിനൽ ഗൂഢാലോചന കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

