പത്തനംതിട്ട ജില്ലയിൽ എം സാൻഡ്, മെറ്റൽ ജെല്ലി, ബ്രേക്കഡ് സ്റ്റോൺ തുടങ്ങിയ അവശ്യ നിർമാണ വസ്തുക്കൾക്ക് ക്രഷർ ഉടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിച്ച് വിൽപന നടത്താൻ ശ്രമം നടത്തുന്നതായി കെപിസിസി ജനറൽ സെക്രട്ടറി പി.മോഹൻ രാജ് ആരോപിച്ചു.
അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ക്രഷർ ഉടമകളും ലോറി ഉടമകളും തൊഴിലാളികളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഗുരുതരമായ സാഹചര്യത്തിൽ ബന്ധപ്പെട്ട
അധികാരികൾ അടിയന്തരമായി യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കരിങ്കൽ & കൺസ്ട്രക്ഷൻ തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിൽ നിന്നും പാറക്കല്ലുകൾ, എം സാൻഡ്, മെറ്റൽ ജെല്ലി, ബ്രേക്കഡ് സ്റ്റോൺ, റോഡ് നിർമാണ വസ്തുക്കൾ എന്നിവ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് മൂന്ന് മാസത്തേക്ക് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നിർണായക സാഹചര്യത്തിലാണ് ജില്ലയിൽ അമിത വില ഈടാക്കിക്കൊണ്ടുള്ള ചൂഷണം നടക്കുന്നത്. ഇതോടൊപ്പം, ജില്ലയിലെ നദികളിലെ മണൽ ശേഖരം സംബന്ധിച്ച് നടത്തിയ സോഷ്യൽ ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ, കൃത്യമായ നിയന്ത്രണങ്ങൾക്ക് വിധേയമായി മണൽ വാരുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പി.മോഹൻ രാജ് കൂട്ടിച്ചേർത്തു.
ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സജി.കെ.സൈമൺ, റെനീസ് മുഹമ്മദ്, നിഖിൽ ചെറിയാൻ, അംജിത്ത് അടൂർ, മനോജ് ഡേവിഡ് കോശി, മുരളി മേപ്പുറത്ത്, സജി കൊടിമുടി, ശവുമേൽ കുട്ടി, ശിവൻകുട്ടി, ബാബു ചരൽ കുന്ന് തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

