മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധ സമരം നടത്തുന്നതിനായി വീണ്ടും അനുമതി തേടാൻ ഒരുങ്ങി കോക്റോച്ച് ജനത പാർട്ടി (സിജെപി) നേതാക്കൾ. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ജന്തർ മന്തറിൽ സമരം നടത്തുന്നതിനുള്ള തീയതി ആവശ്യപ്പെടുമെന്ന് സിജെപി സഹ കൺവീനർ അശുതോഷ് രംഗ വ്യക്തമാക്കി.
അടുത്ത 24 മണിക്കൂറിനുള്ളിൽ ജന്തർ മന്തറിൽ പ്രതിഷേധിക്കാനായി ഒരു തീയതി അനുവദിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി വീണ്ടും രംഗത്തിറങ്ങുമെന്നും സിജെപി നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗരവ് ദാസും രത്ന സിങ്ങും അശുതോഷിനൊപ്പം സ്റ്റേഷനിൽ ഉണ്ടാകും.
മുംബൈയിൽ നിന്ന് ശനിയാഴ്ച രാവിലെ ഡൽഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജിത്ത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഡൽഹി പൊലീസ് വിമാനത്തിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് കർശന വ്യവസ്ഥകളോടെ മജിസ്ട്രേറ്റ് ഇവർക്ക് ജാമ്യം അനുവദിക്കുകയാണുണ്ടായത്.
ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ എത്തിയതായിരുന്നു ഇവർ. നഗരത്തിലെ സമാധാന അന്തരീക്ഷം തകർക്കാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനുമുള്ള കരുതൽ നടപടിയുടെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.
തുടർന്ന് 24 മണിക്കൂർ നേരം പ്രത്യേക കേന്ദ്രങ്ങളിൽ കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം ഞായറാഴ്ച രാവിലെ പത്തരയോടെ ഡൽഹി കന്റോൺമെന്റ് സ്റ്റേഷനിലെ സ്പെഷൽ എക്സിക്ൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഇവരെ ഹാജരാക്കുകയായിരുന്നു. സമാധാനം നിലനിർത്താമെന്ന ഉറപ്പിന്റെ ഭാഗമായി ഒരു വർഷത്തേക്കുള്ള ബോണ്ടിന് 50,000 രൂപ കെട്ടിവെക്കാനാണ് മജിസ്ട്രേറ്റിന്റെ ജാമ്യ ഉത്തരവിൽ നിർദ്ദേശിച്ചത്.
സംഭവത്തിന് ശേഷം മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അഭിജിത് ദീപ്കെ മുംബൈയിലേക്ക് മടങ്ങി. എന്നാൽ, മുത്തശ്ശിയുടെ മരണവിവരം തങ്ങളെ അറിയിക്കുന്നതിൽ പോലും ഡൽഹി പൊലീസ് യാതൊരു മര്യാദയും കാണിച്ചില്ലെന്ന് അഭിജിത് ദീപ്കെ കടുത്ത ആരോപണം ഉന്നയിച്ചു.
എന്നാൽ ഈ ആരോപണം പൊലീസ് പൂർണ്ണമായി നിഷേധിച്ചു. തുടർന്ന് ഉച്ചയോടെ പ്രസ് ക്ലബിലെത്തി നടത്തിയ വാർത്താ സമ്മേളനത്തിൽ സിജെപി നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി.
ഗ്യാനേഷ് കുമാറെന്ന ഒറ്റ വ്യക്തിയെ സംരക്ഷിക്കാൻ രാജ്യതലസ്ഥാനത്ത് മോദിയും അമിത് ഷായും കോട്ടകെട്ടിയിരിക്കുന്നത് എന്തിനാണെന്നും, ഇത്രയും വലിയ എന്ത് രഹസ്യമാണ് ഗ്യാനേഷ് കുമാറിന് അറിയാവുന്നതെന്നും സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

