ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന സീസണിൽ ഗുരുവായൂർ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ മുൻകരുതലുകളും ശക്തമാക്കാൻ തീരുമാനം. നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിന്റെ ഭാഗമായി ‘നോ പാർക്കിങ്’ മേഖലകളിൽ നിർത്തിയിടുന്ന വാഹനങ്ങൾ റിക്കവറി വാനുകളുടെ സഹായത്തോടെ നീക്കം ചെയ്യും. തീർഥാടകർക്കായി വിവിധ ഭാഗങ്ങളിൽ പുതിയ പാർക്കിങ് സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.
കിഴക്കേ നടയിൽ അമ്പാടി ടൂറിസ്റ്റ് ഹോമിന് സമീപവും ഔട്ടർ റിങ് റോഡിൽ കൈരളി ജംക്ഷന് സമീപവും ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി പ്രയോജനപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട പാർക്കിങ് ഗ്രൗണ്ടുകളിൽ ആവശ്യമായ ശുചിമുറി സൗകര്യങ്ങളും ഉറപ്പാക്കും.
ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്നർ–ഔട്ടർ റിങ് റോഡുകളിൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വൺവേ സംവിധാനം കർശനമാക്കും.
സുരക്ഷാ നിരീക്ഷണത്തിനായി പുതിയ ക്യാമറകൾ സ്ഥാപിക്കും. നഗരത്തിലെ ഭക്ഷണശാലകളിലും മറ്റ് ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും കർശന പരിശോധനകൾ നടത്തും.
അനുമതിയില്ലാതെയുള്ള അനധികൃത കച്ചവടങ്ങൾ കർശനമായി തടയുമെന്നും വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കുമെന്നും യോഗം വിലയിരുത്തി. നഗരത്തിലെ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
തീർഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി മികച്ച ചികിത്സാ സൗകര്യങ്ങൾ നഗരത്തിൽ സജ്ജമാക്കും. ദേവസ്വം മെഡിക്കൽ സെന്ററിൽ അത്യാധുനിക സംവിധാനമായ ഓട്ടമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ സ്ഥാപിക്കും.
ഇതിനുപുറമേ, നഗരസഭ ഓഫിസിനടുത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്തും ഡോക്ടറുടെ സേവനവും സജ്ജമാക്കും. നഗരസഭ ചെയർപഴ്സൻ സുനിത അരവിന്ദൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കെ.കെ.ജ്യോതിരാജ്, സെക്രട്ടറി എച്ച്.അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ എൻ.എസ്.ഷൈൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്.ഹർഷിദ്, ഗുരുവായൂർ ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ എം.എൻ.രാജീവ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

