പാലക്കാട് ജില്ലയിലെ വാളയാർ– വടക്കഞ്ചേരി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച ദേശീയപാത അതോറിറ്റിക്കെതിരെ (എൻഎച്ച്എഐ) ജില്ലാ ഭരണകൂടം കർശന നടപടിയിലേക്ക്. പാതയോരത്ത് അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യണമെന്നും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർക്ക് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ലാ കലക്ടർ വീണ്ടും ഔദ്യോഗികമായി കത്തയച്ചു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാതയുടെ വിവിധ ഭാഗങ്ങളിൽ വലിയ ഉയരത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കനത്ത മഴയിൽ ഒലിച്ചിറങ്ങി വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 19ന് ജില്ലാ ഭരണകൂടം എൻഎച്ച്എഐക്ക് ആദ്യഘട്ടത്തിൽ നിർദേശം നൽകിയിരുന്നു. റോഡിൽ ജലക്കെട്ട് രൂപപ്പെടാൻ അനുവദിക്കരുത്, അപകടകരമായ രീതിയിലുള്ള മണ്ണ് എത്രയും പെട്ടെന്ന് നീക്കം ചെയ്യുകയോ ടാർപോളിൻ ഉപയോഗിച്ച് സുരക്ഷിതമായി മൂടുകയോ ചെയ്യുക, മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാൻ താൽക്കാലിക ഡ്രെയ്നേജ് സംവിധാനങ്ങൾ ഒരുക്കുക, യാത്രക്കാർക്ക് ദൂരത്തുനിന്നുതന്നെ വ്യക്തമായി കാണുന്ന വിധത്തിൽ മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയിരുന്നത്.
എന്നിരുന്നാലും, ജില്ലാ ഭരണകൂടത്തിന്റെ ഈ നിർദേശങ്ങൾ ഗൗരവത്തിലെടുക്കാൻ എൻഎച്ച്എഐ തയ്യാറായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രദേശത്ത് മഴ ശക്തമായതോടെ കൂട്ടിയിട്ടിരുന്ന മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിത്തുടങ്ങിയിട്ടുണ്ട്.
നിലവിൽ കണ്ണന്നൂർ, കുഴൽമന്ദം എന്നീ മേഖലകളിൽ അതീവ അപകടസാധ്യതയാണ് നിലനിൽക്കുന്നത്. കണ്ണന്നൂരിൽ കനത്ത മഴ തുടർന്നാൽ മണ്ണൊലിച്ചു റോഡിലേക്ക് വീണ് വാഹനങ്ങൾ തെന്നിമറിയാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൂടാതെ, കുഴൽമന്ദത്ത് അടിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലുകളും മണ്ണും സിമന്റ് സ്ലാബുകളും യാത്രാക്ലേശത്തിനും വലിയ തോതിലുള്ള അപകടങ്ങൾക്കും കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

