കോട്ടയം ജനറൽ ആശുപത്രിക്ക് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ബാഗ് മോഷ്ടിച്ച കള്ളന് അപേക്ഷയുമായി നാടകകൃത്ത് ജോസ് കല്ലറയ്ക്കൽ രംഗത്ത്. പണമാണെന്ന് കരുതി ബാഗ് മോഷ്ടിച്ച മോഷ്ടാവിന് നിരാശയായിരിക്കുമെന്നും, എന്നാൽ അതിലുള്ള നാടകങ്ങളുടെ സ്ക്രിപ്റ്റുകൾ തനിക്ക് അത്യന്തം വിലപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു സംഭവം. കാർ പാർക്ക് ചെയ്ത് ചായ കുടിക്കാൻ പോയ തക്കത്തിനാണ് മണർകാട് സ്വദേശിയായ നാടകകൃത്തിന്റെ കാറിൽ നിന്ന് ബാഗ് കവർന്നത്.
സ്കൂൾ കലോത്സവങ്ങൾക്കും പള്ളികളുടെ പെരുന്നാൾ ആഘോഷങ്ങൾക്കും വേണ്ടിയുള്ള നാലഞ്ചു നാടകങ്ങളുടെ കൈയെഴുത്ത് കോപ്പികളാണ് ബാഗിലുണ്ടായിരുന്നത്. ഇതിൽ ചില നാടകങ്ങളുടെ റിഹേഴ്സൽ ഇതിനോടകം ആരംഭിച്ചിരുന്നു.
മറ്റൊരു കോപ്പി ഇല്ലാത്തതിനാൽ ഈ സ്ക്രിപ്റ്റുകൾ നഷ്ടപ്പെട്ടത് വലിയ പ്രതിസന്ധിയാണെന്നും, ഓർമ്മയിൽ നിന്ന് അവ വീണ്ടും എഴുതുക അസാധ്യമാണെന്നും അദ്ദേഹം കത്തിലൂടെ പറയുന്നു. സ്ക്രിപ്റ്റുകൾ മോഷണം പോയതുമുതൽ നാടകങ്ങളിലെ കഥാപാത്രങ്ങൾ മുന്നിൽ വന്ന് ഡയലോഗുകൾ ചോദിക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.
നാടകങ്ങളുടെ സ്ക്രിപ്റ്റുകൾക്ക് പുറമെ തങ്ങളുടെ ആധാർ കാർഡുകളും പാൻ കാർഡുകളും അടക്കമുള്ള പ്രധാനപ്പെട്ട രേഖകളും ബാഗിലുണ്ടായിരുന്നു.
ഇവ മോഷ്ടാവിന് യാതൊരു പ്രയോജനവുമില്ലാത്തതിനാൽ തിരികെ നൽകാൻ സന്മനസ്സ് കാണിക്കണമെന്നും ജോസ് കല്ലറയ്ക്കൽ പ്രതീക്ഷയോടെ അഭ്യർത്ഥിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

