പെരുമ്പാവൂരിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി നിർമിച്ച ജനനി അപാർട്ട്മെന്റ് ലൈഫ് പദ്ധതിക്കു കൈമാറുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ പുരോഗമിക്കുന്നു.
പോഞ്ഞാശേരിയിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കിയ ഫ്ലാറ്റ് സമുച്ചയം കഴിഞ്ഞ അഞ്ച് വർഷമായി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ. വെങ്ങോല പഞ്ചായത്തിലെ ലൈഫ് പദ്ധതി അപേക്ഷകർക്ക് ഈ ഫ്ലാറ്റുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ബേസിൽ കുര്യാക്കോസ് തദ്ദേശ സ്വയം ഭരണ വകുപ്പിന് സമർപ്പിച്ച അപേക്ഷ, തുടർനടപടികൾക്കായി ഇപ്പോൾ സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ഏകദേശം 16 കോടി രൂപ ചെലവഴിച്ചാണ് 8 നിലകളുള്ള ഈ സമുച്ചയം നിർമിച്ചിട്ടുള്ളത്. തൊഴിൽവകുപ്പിന്റെ സബ്സിഡിയോടെ ഭവനം ഫൗണ്ടേഷൻ കേരളയാണ് (ബിഎഫ്കെ) പദ്ധതി നടപ്പിലാക്കിയത്.
2021ൽ ഉദ്ഘാടനം നിർവഹിച്ച ഈ സമുച്ചയത്തിൽ 2 കിടപ്പുമുറികൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടുന്ന 731 ചതുരശ്രയടി വിസ്തീർണമുള്ള 74 ഫ്ലാറ്റുകളാണുള്ളത്. ഫ്ലാറ്റുകളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഭവനം ഫൗണ്ടേഷൻ കേരള ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എം.ഷജീന, ജനറൽ മാനേജർ എസ്.റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ വെങ്ങോല പഞ്ചായത്തിൽ പ്രത്യേക യോഗം ചേർന്നു.
വിൽപന സംബന്ധിച്ച വിഷയം ലൈഫ് മിഷന്റെ പരിഗണനയിലാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ യോഗത്തിൽ വ്യക്തമാക്കി. പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് 6 ലക്ഷം രൂപ വരെ ധനസഹായം നൽകാനും ബാക്കി തുക സബ്സിഡിയായോ ഇളവായോ ലഭ്യമാക്കണമെന്നും വൈസ് പ്രസിഡന്റ് ടി.എച്ച്.മുഹമ്മദ് ആവശ്യപ്പെട്ടു.
എന്നാൽ ഒരു കമ്പനി എന്ന നിലയിൽ ബിഎഫ്കെയ്ക്ക് തുകയിൽ ഇളവ് അനുവദിക്കാൻ സാധിക്കില്ലെന്ന് സിഇഒ വ്യക്തമാക്കി. അടിമാലി പഞ്ചായത്തിൽ ബിഎഫ്കെ നിർമിച്ച 217 അപ്പാർട്മെന്റുകൾ ലൈഫ് മിഷൻ ഏറ്റെടുത്ത് ഗുണഭോക്താക്കൾക്ക് നൽകിയ മാതൃക സിഇഒ ചൂണ്ടിക്കാണിച്ചു.
ഇരു വകുപ്പുകളുടെയും ഉന്നതതല യോഗം ചേരുന്നത് വിൽപന നടപടികൾ കൂടുതൽ എളുപ്പമാക്കുമെന്നും അധികൃതർ അറിയിച്ചു. പദ്ധതി പ്രഖ്യാപിച്ച സമയത്ത് 15 ലക്ഷം രൂപയായിരുന്നു ഫ്ലാറ്റിന്റെ വിലയെങ്കിലും, നിർമാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും കൂലിയിലുണ്ടായ വർധന കാരണം ഇത് പിന്നീട് 21 ലക്ഷമായും തുടർന്ന് 25 ലക്ഷം രൂപയായും ഉയർന്നു.
ഈ വിലവർധനയും ഫ്ലാറ്റുകളുടെ വിൽപനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആദ്യ ടവറിനൊപ്പം മറ്റ് 2 ടവറുകൾ കൂടി നിർമിക്കുന്നതിനായി തറക്കല്ലിട്ടിരുന്നെങ്കിലും, ആദ്യ ടവറിന്റെ കാര്യത്തിൽ ലക്ഷ്യം കാണാൻ കഴിയാത്തതിനാൽ അവയുടെ നിർമാണം ആരംഭിച്ചിരുന്നില്ല.
ഫ്ലാറ്റുകൾ ലൈഫ് മിഷന് കൈമാറുന്നതിനുള്ള ഔദ്യോഗിക നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് വെങ്ങോല പഞ്ചായത്ത് അംഗം ബേസിൽ കുര്യാക്കോസ് ശക്തമായി ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

