ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് വഴിയോര കച്ചവടക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളും ദുരൂഹതയും ഉണ്ടായതായി ആവർത്തിച്ച് മക്കളും ബന്ധുക്കളും രംഗത്ത്.
അപകടം നടന്നയുടൻ കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവിന്റെ ഔദ്യോഗിക ബോർഡ് പൊലീസ് തന്നെ വാഹനത്തിൽ നിന്ന് നീക്കം ചെയ്തുവെന്ന് കുടുംബം ആരോപിച്ചു. കൂടാതെ, അപകടസ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തിയ ഫോൺ ബലമായി വാങ്ങി ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് പൊലീസിന്റെ വഴിവിട്ട
ഇടപെടലിന്റെ തെളിവാണെന്നും ഇവർ വ്യക്തമാക്കി. വാഹനം ഓടിച്ച കുട്ടിയെ ആദ്യം സ്റ്റേഷൻ ജാമ്യത്തിലും പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോർഡ് വഴിയും വിട്ടയച്ചത് സ്വാധീനം ഉപയോഗിച്ചാണെന്നാണ് പ്രധാന ആരോപണം.
കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെ നിയമനടപടി സ്വീകരിച്ചതായി പൊലീസ് അവകാശപ്പെട്ടെങ്കിലും, ഇതു സംബന്ധിച്ച ഔദ്യോഗിക രേഖകൾ കൈമാറാൻ തയാറായില്ല. ഈ പശ്ചാത്തലത്തിലാണ് മക്കളും ബന്ധുക്കളും കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി പ്രതിഷേധ സമരം ആരംഭിച്ചത്.
സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണിക്കൂറുകളോളം ചർച്ച നടത്തിയെങ്കിലും സമരം ഒത്തുതീർപ്പിലെത്തിയില്ല. ചിതാഭസ്മം പുഴയിൽ ഒഴുക്കുന്നതിന് മുൻപ് യഥാർത്ഥ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതുവരെ സ്റ്റേഷന് മുന്നിൽ സമരം തുടരാനാണ് തീരുമാനം. അതിനിടെ, കേസിൽ കസ്റ്റഡിയിലുള്ള പതിനേഴുകാരന്റെ മുടിയും രക്തവും മൂത്രവും ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്താത്തതിനെ തുടർന്നാണ് കൂടുതൽ വ്യക്തതയ്ക്കായി സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. ലഹരി ഉപയോഗം സ്ഥിരീകരിച്ചാൽ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്ന് പൊലീസ് വ്യക്തമാക്കി.
നഗരത്തിലെ രാത്രിയാത്രികർക്ക് സുപരിചിതനായ ജയബാലകൃഷ്ണന്റെ വേർപാടിന്റെ നടുക്കത്തിലാണ് ചിറ്റൂർ പ്രദേശം. കണ്ടെയ്നർ റോഡിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട
ജയബാലകൃഷ്ണൻ, ദോശയും ഓംലറ്റും സ്നേഹത്തോടെ വിളമ്പി നൽകിയിരുന്ന വ്യക്തിയായിരുന്നു. പണത്തേക്കാൾ ഉപരി മനുഷ്യത്വത്തിന് വില കൽപ്പിച്ചിരുന്ന ആളായിരുന്നു അദ്ദേഹമെന്ന് വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ലിസി വാര്യത്ത് ഓർക്കുന്നു.
ചിറ്റൂർ അമ്പലത്തിനു സമീപം പത്തുവർഷം മുൻപാണ് അദ്ദേഹം തട്ടുകട ആരംഭിച്ചത്.
രുചികരമായ ഭക്ഷണവും സ്നേഹനിർഭരമായ പെരുമാറ്റവും കാരണം നിരവധിയാളുകളാണ് ഇവിടെയെത്തിയിരുന്നത്. ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിക്കു മുന്നിലും അദ്ദേഹം കട
നടത്തിയിരുന്നു. രാത്രിയിലെ കച്ചവടത്തിന് ശേഷം മാഞ്ഞാലിയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അതിവേഗത്തിലെത്തിയ കാർ ജയബാലകൃഷ്ണന്റെ ജീവമെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

