മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടയിൽ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരികെനൽകി മാതൃകയായി കടുത്തുരുത്തി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ. സേനാംഗങ്ങളായ ഷീബ രമേശൻ, ജിജി എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യച്ചാക്കിൽനിന്ന് ലഭിച്ച വിലപിടിപ്പുള്ള മോതിരം അഞ്ജു ഭവൻ ബിന്ദു മന്മഥന് തിരികെ നൽകിയത്.
ആഴ്ചകൾക്ക് മുൻപാണ് ബിന്ദുവിന്റെ വീട്ടിൽനിന്ന് ഇവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്. മാവടി ഇടമ്പാടത്തുള്ള തിരയൽ കേന്ദ്രത്തിൽ വെച്ച് ഇന്നലെ മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രക്രിയ നടത്തുന്നതിനിടയിലാണ് മോതിരം കണ്ടെത്തുന്നത്.
തുടർന്ന് ഇവർ ഉടൻതന്നെ പഞ്ചായത്തംഗമായ എം.ആർ. അനിൽകുമാറിനെ വിവരമറിയിക്കുകയായിരുന്നു.
തന്റെ സ്വർണമോതിരം നഷ്ടപ്പെട്ട വിവരം ബിന്ദു നേരത്തെതന്നെ പഞ്ചായത്തംഗം അനിൽകുമാറിനെ അറിയിച്ചിരുന്നു.
വീടുകളിൽ നിന്ന് മാലിന്യം ചാക്കിൽ നിറയ്ക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വിരലിൽനിന്നു മോതിരം താഴേക്ക് വീണുപോയത്. തുടർന്ന് പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിൽ ബിന്ദു മന്മഥന് ഷീബ രമേശൻ മോതിരം കൈമാറി.
കൃത്യസമയത്ത് സത്യസന്ധത കാണിച്ച ഹരിതകർമ സേനാംഗങ്ങൾക്ക് വലിയ അഭിനന്ദനമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്. നാല് ഗ്രാമിന്റേതാണ് തിരികെ ലഭിച്ച സ്വർണമോതിരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

