ഉൂട്ടി വിനോദയാത്രയ്ക്കിടയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലുംപെട്ടതിന്റെ ഞെട്ടൽ മാറാതിരിക്കുകയാണ് തീക്കോയി സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജിജോ ജോർജ് (38). ഫെബ്രുവരി 23ന് രാത്രി 10 മണിയോടെയാണ് ഊട്ടി-മേട്ടുപ്പാളയം റോഡിൽ ദുരന്തഭൂമിയായി മാറിയ സാഹചര്യം ഉണ്ടായത്.
പാലാ സെന്റ് തോമസ്, മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മലമുകളിൽനിന്ന് തോടുപോലെ വെള്ളം കുതിച്ചെത്തുന്നതും, പിന്നാലെ മണ്ണും കൂറ്റൻ കല്ലുകളും മരങ്ങളും റോഡിലേക്ക് പതിക്കുന്നതും കൺമുന്നിൽ കണ്ടതിന്റെ ഭയപ്പാടിലാണ് അദ്ദേഹം.
പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 3 ബസുകളിലും മുത്തോലി സ്കൂളിൽ നിന്നുള്ള ഒരു ബസിലുമായി ആകെ 165 പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. മേട്ടുപ്പാളയത്ത് എത്താൻ വെറും 13 കിലോമീറ്റർ മാത്രം ബാക്കിനിൽക്കെ ബെർളിയറിലാണ് സംഘം കുടുങ്ങിയത്.
റിയ, എത്സ, ഗ്യാങ്സ്റ്റർ എന്നീ ബസുകളിൽ പാലാ സെന്റ് തോമസിലെ വിദ്യാർഥികളും അധ്യാപകരും, ‘നോഹ’ ബസിൽ മുത്തോലി സെന്റ് ആന്റണീസിലെ വിദ്യാർഥികളും അധ്യാപകരുമാണ് യാത്ര ചെയ്തിരുന്നത്. നോഹ ബസിലെ സഹായിയായ കൊടുമ്പിടി സ്വദേശി മിൽറ്റോയാണ് ആദ്യം മണ്ണിടിച്ചിൽ കണ്ടത്.
നാല് ബസുകളും ഒരുമിച്ചായിരുന്നു സഞ്ചരിച്ചിരുന്നത്. മുൻപിൽ മണ്ണിടിഞ്ഞു വരുന്നതു കണ്ട
ഉടൻ തന്നെ ബസുകൾ പിന്നിലേക്ക് മാറ്റി. ഈ സമയം മുൻപിലുണ്ടായിരുന്ന തമിഴ്നാട് സർക്കാർ ബസും പിന്നിലേക്ക് എടുത്തു.
എന്നാൽ നിമിഷനേരങ്ങൾക്കുള്ളിൽ ആ ബസിനു മുകളിലേക്ക് മണ്ണും കല്ലും പതിക്കുകയായിരുന്നു. ആ ബസിനുള്ളിൽ നിന്നും ഏറെനേരം കരച്ചിൽ കേൾക്കാമായിരുന്നുവെന്ന് ജിജോ ഓർക്കുന്നു.
കൂരിരുട്ടും കനത്ത മഴയും കാരണം വൈദ്യുതലൈനുകൾ പൊട്ടി വീണിരുന്നു. ബസിന്റെ ലൈറ്റ് വെളിച്ചം മാത്രമായിരുന്നു ഏക ആശ്രയം.
എന്നാൽ ആർത്തലച്ചു പെയ്യുന്ന മഴയിൽ അതുകൊണ്ടും കാര്യമായ പ്രയോജനമുണ്ടായില്ല. ബസ് പിന്നോട്ടെടുത്ത് സെക്കൻഡുകൾക്കുള്ളിൽ വാഹനത്തിന് പിന്നിലും മണ്ണും കല്ലും മരങ്ങളും വീണതോടെ എല്ലാവരും പരിഭ്രാന്തരായി.
തന്റെ 12 വർഷത്തെ ടൂറിസ്റ്റ് ബസ് ഡ്രൈവിങ് ജീവിതത്തിൽ ഒട്ടനവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെങ്കിലും, ഈ അനുഭവം ഒരു അഗ്നിപർവതത്തിന് ചുവട്ടിൽ നിൽക്കുന്നതുപോലെയായിരുന്നുവെന്ന് ജിജോ പറയുന്നു. ഭയന്നു വിറച്ച ആ നിമിഷങ്ങളിൽ ഇടയ്ക്കിടെ കല്ലുകൾ വന്ന് ബസുകളിൽ ഇടിച്ചു കൊണ്ടിരുന്നു.
റോഡിലൂടെ മുട്ടോളം വെള്ളമാണ് കുത്തൊഴുകിയത്. തുടർന്ന് 24നു പുലർച്ചെ 3 മണിയോടെയാണ് മഴ ഒന്നു ശമിച്ചത്.
ബസുകൾ നിർത്തിയിട്ടതിനു തൊട്ടുപിന്നിൽ ഒരു പൊലീസ് എയ്ഡ് പോസ്റ്റും അവിടെ മൂന്ന് പൊലീസുകാരുമുണ്ടായിരുന്നെങ്കിലും കനത്ത പ്രതിസന്ധിയിൽ അവർക്കും നിസ്സഹായരാകേണ്ടി വന്നു. വയർലെസ് സംവിധാനങ്ങളും പൂർണ്ണമായി നിശ്ചലമായിരുന്നു.
തുടർന്ന് നീണ്ട 11 മണിക്കൂറിനുശേഷമാണ് രാവിലെ 9.30ന് വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചത്.
യാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുകൾ 25ന് ഉച്ചയോടെ ഊട്ടി വഴി തിരികെ യാത്ര തിരിച്ച് 26ന് പുലർച്ചെ 1 മണിയോടെ പാലായിൽ തിരിച്ചെത്തി. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് വലിയൊരു ദുരന്തത്തിൽനിന്ന് എല്ലാവരും രക്ഷപ്പെട്ടതെന്ന് റിയ ഹോളിഡെയ്സ് ഡ്രൈവർ ജിജോ ജോർജ് വ്യക്തമാക്കി.
എത്സ ബസ് ബിനീഷും, ഗ്യാങ്സ്റ്റർ ബസ് നിതിൻ, സനു എന്നിവരും, നോഹ ബസ് ബിൻസ്, സനൽ എന്നിവരുമാണ് മറ്റ് വാഹനങ്ങൾ ഓടിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

