മുണ്ടൂർ (പാലക്കാട്): ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഫോൺ നമ്പറിലുണ്ടായ ചെറിയൊരു അബദ്ധത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. രമ്യ.
ഡെങ്കിപ്പനി ബാധിച്ച ഒരു രോഗിയെ വിളിക്കേണ്ടതിന് പകരം അബദ്ധത്തിൽ വയനാട് സ്വദേശിയായ ഒരാളിലേക്ക് കോൾ എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. മുണ്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയായ രമ്യ ഇതിനെ തുടർന്ന് കടുത്ത സൈബർ അതിക്രമമാണ് നേരിടേണ്ടി വരുന്നത്.
നമ്പർ മാറിപ്പോയതാണെന്നും താനൊരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയാണെന്നും വിശദീകരിച്ചിട്ടും ബന്ധപ്പെട്ട വ്യക്തിയുടെ ഭാഗത്തുനിന്നും തുടർച്ചയായ ശല്യപ്പെടുത്തലുകളാണ് ഉണ്ടായത്.
രമ്യയെ നിരന്തരം ഫോണിൽ വിളിച്ച് അസഭ്യം പറയുന്നതിന് പുറമെ, ഇവരുടെ ഫോൺ നമ്പർ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരെ രാപകലില്ലാതെ നിരന്തരം വീഡിയോ കോളുകളും ഫോൺ കോളുകളും വരുന്നുണ്ടെന്ന് രമ്യ വ്യക്തമാക്കുന്നു.
നിരവധി നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും പലരോടും യാഥാർത്ഥ്യം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും ഉപദ്രവങ്ങൾക്ക് യാതൊരു കുറവുമില്ല. ഒടുവിൽ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ കഴിഞ്ഞ 17-ാം തീയതി പാലക്കാട് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രത്യേക ഫോൺ അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇനിയും നടപ്പായിട്ടില്ലാത്തതിനാൽ ഔദ്യോഗിക ജോലികൾക്കും വിവിധ ആപ്പുകൾ ഉപയോഗിക്കുന്നതിനുമെല്ലാം ഉദ്യോഗസ്ഥർ സ്വന്തം സ്വകാര്യ ഫോണാണ് ആശ്രയിക്കുന്നത്. ജെഎച്ച്ഐക്ക് എതിരെയുണ്ടായ സൈബർ ആക്രമണത്തിൽ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.
സുരേഷ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

