കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ ഉയർന്ന വില്പനവിലയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സുപ്രീം കോടതി രംഗത്ത്. ആശുപത്രികളിൽ 2700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്ന് പലപ്പോഴും 27000 രൂപയ്ക്കാണ് രോഗികൾക്ക് നൽകുന്നതെന്നും, ഇതിനെ ‘കൂട്ടക്കുരുതി’ എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു.
കോർപറേറ്റ് സ്വകാര്യ ആശുപത്രികൾ രോഗികളെ വെറുതെ വിടുന്നില്ലെന്നും, മൃതശരീരങ്ങൾ പിടിച്ചുവെച്ച് പോലും വിലപേശൽ നടക്കുന്നുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. മരുന്നുനിർമാതാക്കളും സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോടതി ആവശ്യപ്പെട്ടു. പരമാവധി ലാഭം 16% വരെ എന്ന നിലയിൽ പരമാവധി ചില്ലറ വിലയ്ക്ക് (MRP) എന്തുകൊണ്ട് പരിധി നിശ്ചയിച്ചുകൂട
എന്ന് സർക്കാരിനോട് കോടതി ചോദ്യം ഉന്നയിച്ചു. വിപണിയിലെ വിലകളിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ടെന്നും, സത്യസന്ധമായി നികുതി അടയ്ക്കുന്ന സാധാരണക്കാരാണ് ഇതിൽ ആത്യന്തികമായി നഷ്ടം നേരിടുന്നതെന്നും വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
അധികൃതരുടെ ഭാഗത്തുനിന്നുള്ള മൗനവും കോടതി ചോദ്യം ചെയ്തു. ഹർജിക്കാർ ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്നും, ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ സാവവേണം എന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
തുടർന്ന് കേസിന്റെ വാദം ഒക്ടോബർ 12 ലേക്ക് മാറ്റിവച്ചു. മരുന്നുവിലയിലെ വലിയ ലാഭം നിർമാതാക്കൾക്കല്ല ലഭിക്കുന്നതെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ കഴിയുന്നതെന്നും, വിഷയത്തിൽ സന്തുലിതമായ പരിഹാരമാണ് ആവശ്യമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
മരുന്നുവില നിയന്ത്രിക്കുന്നതിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കിഷൻ ചന്ദ് ജെയിൻ അടക്കമുള്ളവരാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ആശുപത്രികളുടെ സ്വന്തം ഫാർമസിയിൽ നിന്ന് മാത്രമേ മരുന്നുകൾ വാങ്ങാവൂ എന്ന് വലിയ സ്വകാര്യ ആശുപത്രികൾ നിർബന്ധം പിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
പുറത്തുള്ള ഫാർമസിയിൽ നിന്ന് മരുന്നുവാങ്ങിയാൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കണം. സർക്കാർ പദ്ധതികൾക്ക് കീഴിലാണ് ചികിത്സയെങ്കിൽ മരുന്നിന്റെ തുക സർക്കാർ തിരിച്ചടയ്ക്കുന്നുണ്ട്.
പൊതുഖജനാവിൽ നിന്നാണ് ഈ തുക ചെലവഴിക്കുന്നത്. അതിനാൽ ഇക്കാര്യങ്ങളിൽ എന്തുകൊണ്ട് ഏകീകൃത മാനദണ്ഡങ്ങൾ ഉണ്ടാകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ചിന്തിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
* മരുന്നുകളുടെ ലാഭപരിധിയിൽ 16% എന്ന മാനദണ്ഡം നടപ്പിലാക്കാൻ സാധ്യമല്ലേ?
* കൊള്ളലാഭം നിയന്ത്രിക്കുന്നതിന് ഏകീകൃത രീതി കൊണ്ടുവരുന്നതിലെ തടസ്സം എന്താണ്?
* മരുന്നുവില നിയന്ത്രിക്കുമ്പോൾ അവശ്യ മരുന്നുകളെയും അല്ലാത്തവയേയും വേറിട്ടു കാണുന്നതിലെ യുക്തി എന്താണ്?
വ്യവസായങ്ങളായി മാറിയ കോർപറേറ്റ് ആശുപത്രികൾ സേവനമല്ല ലക്ഷ്യമിടുന്നതെന്നും, സാധാരണക്കാരൻ എന്തിനാണ് ഇതെല്ലാം സഹിക്കേണ്ടതെന്നും കോടതി ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

