ഗുവാഹത്തി: അസമിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ജനങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ഔദ്യോഗിക ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ചില പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയിട്ടുണ്ടെങ്കിലും ദുരിതം തുടരുകയാണ്.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഫോണിൽ ബന്ധപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയിട്ടുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 810 ഗ്രാമങ്ങളാണ് നിലവിൽ വെള്ളത്തിനടിയിലായിരിക്കുന്നത്. 34,970.8 ഹെക്ടറിലെ കൃഷിയിടങ്ങൾ നശിച്ചു.
കൂടാതെ നദീതീരങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ തകർച്ച സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം ചരൈദിയോ ജില്ലയിൽ ഏഴുപേരും ശിവസാഗറിൽ ആറുപേരും ജോർഹട്ടിൽ ഒരാളും മരണപ്പെട്ടു.
വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (27 പേർ) ജീവൻ വെടിഞ്ഞത്. ഇവിടെ മാത്രം മൂന്നുലക്ഷത്തോളം ജനങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആറു ജില്ലകളിലായി ആകെ 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 18,902 ആളുകളെയാണ് ഈ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
മഴക്കെടുതിയുടെ വ്യാപ്തിയും പുരോഗDമാകുന്ന രക്ഷാപ്രവർത്തനങ്ങളും താഴെത്തട്ടിലുള്ള പ്രതിസന്ധികളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ദുരിതബാധിതരായ ഓരോ കുടുംബത്തിനും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

