തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം. യാത്രയ്ക്കിടെ കാട്ടാന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
റോഡിന്റെ വശത്തെ കുഴിയിലേക്ക് വീണതിനെത്തുടർന്ന് പരിക്കുകളോടെ ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിതുര കല്ലാർ മൊട്ടമൂട് ആദിവാസി ഉന്നതിയിലെ എം.വി.മഹേഷ് (37), മകൾ അനന്യ വി.മഹേഷ് (12) എന്നിവർക്കാണ് ഈ ദുരനുഭവമുണ്ടായത്.
ഇന്നലെ രാവിലെ 6.45-ഓടെയായിരുന്നു സംഭവം. വിതുര ഗവൺമെന്റ് വിഎച്ച്എസ്എസ്സിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അനന്യയെ കൊപ്പം ജംക്ഷനിലെ ട്യൂഷൻ സെന്ററിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
റോഡിലെ വളവ് തിരിഞ്ഞുവന്നതിനാൽ മഹേഷ് ആനയെ പെട്ടെന്ന് കണ്ടിരുന്നില്ല. ആനയെ കണ്ടയുടൻ വാഹനം നിർത്തിയെങ്കിലും, കാട്ടാന ഉൾവനത്തിലേക്ക് പോകാതെ ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഓടിയെത്തിയ ആന തുമ്പിക്കൈ കൊണ്ട് ബൈക്കിൽ ശക്തിയായി അടിച്ചതോടെ മഹേഷും മകളും റോഡരികിലെ കുഴിയിലേക്ക് വീണു. ഇരുവരും കുഴിയിലേക്ക് വീണത് കൊമ്പൻ കൂടുതൽ ആക്രമണങ്ങൾക്ക് മുതിരാതിരിക്കാൻ കാരണമായി.
ആനയുടെ ആക്രമണത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്ക് തകരുകയും ഹാൻഡിലും ബ്രേക്കും ഇൻഡിക്കേറ്ററും കേടാവുകയും ചെയ്തു. കുഴിയിൽ നിന്ന് എഴുന്നേറ്റ മഹേഷ് വാഹനം അവിടെ ഉപേക്ഷിച്ച ശേഷം മകളെയും എടുത്തുകൊണ്ട് അരക്കിലോമീറ്റർ അകലെയുള്ള വനം സെക്ഷൻ ഓഫിസിലേക്ക് ഓടിയെത്തി.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇരുവരെയും ഉടൻതന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ മഹേഷിന്റെ കൈക്കും കാലിനും അനന്യയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്.
മൊട്ടമൂട് ആദിവാസി ഉന്നതി പരിസരത്ത് കാട്ടാനകളും കൂട്ടങ്ങളും പതിവായി എത്താറുണ്ടെങ്കിലും, ഇത്തരത്തിൽ നേരിട്ടുള്ള ആക്രമണം ഉണ്ടാകുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു. അതിരാവിലെ സ്വന്തം പുരയിടത്തിൽ ടാപ്പിങ് ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് മഹേഷ് മകളെയും കൂട്ടി ട്യൂഷൻ സെന്ററിലേക്ക് പുറപ്പെട്ടത്.
‘‘രാവിലെ മകൾക്കൊപ്പം തമാശകളൊക്കെ പറഞ്ഞു ബൈക്കിൽ വരികയായിരുന്നു. ഏതാനും മീറ്ററുകൾ മാത്രം ദൂരെയാണു കൊമ്പനെ കണ്ടത്.
ബൈക്ക് നിർത്തിയ ശേഷം എന്തു ചെയ്യണമെന്നു ചിന്തിക്കുന്നതിനു മുൻപേ കൊമ്പന്റെ തുമ്പിക്കൈ ബൈക്കിന്റെ ടാങ്കിൽ പതിച്ചു. ബൈക്ക് റോഡരികിലും ബൈക്കിൽ നിന്നു ഞാനും മകളും കുഴിയിലേക്കും വീണു.
എന്തോ ഭാഗ്യം കൊണ്ടാണു കുഴിയിലേക്ക് ഇറങ്ങി ആന ആക്രമിക്കാതിരുന്നത്. ഒരുപക്ഷേ നിലവിളി കേട്ട് ആന മറ്റൊരു ദിശയിലേക്ക് മാറിയതാവാം’’ എന്ന് എം.വി.മഹേഷ് വ്യക്തമാക്കി.
ആനയെ വ്യക്തമായി കാണുന്നതിന് മുൻപ് തന്നെ തങ്ങൾ തെറിച്ചുവീണെന്ന് അനന്യ വി.മഹേഷ് പറഞ്ഞു. എഴുന്നേറ്റ ശേഷമാണ് കാട്ടാനയാണ് ആക്രമിച്ചതെന്ന് മനസ്സിലായത്.
എഴുന്നേറ്റ് പിന്നിലേക്ക് നോക്കിയപ്പോൾ ഏറെ ദൂരെയല്ലാതെ ഒരു കുട്ടിയാനയെയും കണ്ടിരുന്നതായും, അത് തല കുലുക്കി ബഹളം വെക്കുന്നുണ്ടായിരുന്നെന്നും അനന്യ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

