രാജസ്ഥാനിലെ അജ്മേർ ജില്ലയിൽ ഇസ്രയേലി പൗരയായ വിനോദസഞ്ചാരിക്ക് നേരെ അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. രാംനേർ റോഡ് സ്വദേശികളായ മുഹമ്മദ് ഫർഹാൻ, മുഹമ്മദ് അസീം, ഫർഹാൻ, അക്തർ അലി എന്നിവരെയാണ് അജ്മേർ എസ്പിയുടെ കർശന നിർദേശപ്രകാരം പൊലീസ് പിടികൂടിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നാല് വർഷം മുൻപാണ് ഈ അതിക്രമം അരങ്ങേറിയതെങ്കിലും, ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് നവമാധ്യമങ്ങളിൽ വൈറലായത്.
അജ്മേറിലെ കിഷൻഘട്ട് ഡംപിങ് യാർഡിൽ വെച്ച് വിദേശ വനിത വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് പ്രതികൾ ഈ കുറ്റകൃത്യം നടത്തിയത്. യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുകയായിരുന്നു.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അതേസമയം, പ്രതികളെ അതിവേഗം പിടികൂടിയ ഇന്ത്യൻ പോലീസിന് നന്ദി അറിയിച്ചുകൊണ്ട് ഇസ്രയേലി യുവതി രംഗത്തെത്തി.
നാല് വർഷം മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മനോഹരമായ ഒരു യാത്രയുടെ ഓർമ്മയ്ക്കായിട്ടാണ് താൻ ഈ വീഡിയോ പിന്നീട് പങ്കുവെച്ചത്.
എന്നാൽ, ആ വീഡിയോയിൽ പ്രതികൾ പറഞ്ഞ കാര്യങ്ങളുടെ അർത്ഥം എന്താണെന്ന് ആ സമയത്ത് തനിക്ക് മനസ്സിലായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. “ഏകദേശം ആറുമാസത്തോളമാണ് ഞാൻ ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തത്.
ഇന്ത്യയോട് ഇപ്പോഴും വലിയ സ്നേഹമുണ്ട്. ഈ വീഡിയോയിലുള്ള നാലുപേർ യഥാർത്ഥ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്നവരല്ല.
വീഡിയോ പ്രചരിച്ചതോടെ അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും തനിക്കൊപ്പം നിൽക്കുകയും ചെയ്ത എല്ലാ ഇന്ത്യക്കാർക്കും നന്ദിയുണ്ട്. ഭാവിയിലും ഇന്ത്യ സന്ദർശിക്കാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്,” എന്നും യുവതി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

