നമ്മുടെ ശരീരത്തിലെ ഏറ്റവും ദൃഢമായ ഘടനയുള്ള ഭാഗം അസ്ഥികളാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഈ ശക്തമായ അസ്ഥികൾ പോലും ഉള്ളിൽ നിന്ന് പൊള്ളയായി മാറുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.
യാതൊരുവിധ ലക്ഷണങ്ങളോ പ്രകടമായ വേദനയോ ഇല്ലാതെ ശരീരത്തെ ബാധിക്കുന്നതിനാൽ ഇതിനെ ഒരു ‘നിശബ്ദ കള്ളൻ’ എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. അസ്ഥികൾ ഒടിയുന്ന ഘട്ടത്തിൽ മാത്രമാണ് പലപ്പോഴും ഈ രോഗാവസ്ഥ തിരിച്ചറിയപ്പെടാറുള്ളത്.
എല്ലുകൾ കേവലം നിർജീവ വസ്തുക്കളല്ല, മറിച്ച് ജീവനുള്ള ടിഷ്യൂകളാണ്. പഴയ അസ്ഥികൾ നശിക്കുകയും പുതിയവ രൂപപ്പെടുകയും ചെയ്യുന്ന പ്രക്രിയ മനുഷ്യനിൽ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു.
ഏകദേശം മുപ്പത് വയസ്സു വരെ പുതിയ അസ്ഥി നിർമ്മിക്കപ്പെടുന്ന വേഗതയാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ഈ പ്രായത്തിന് ശേഷം സ്ഥിതി മാറുകയും, പുതിയ അസ്ഥിയുടെ വളർച്ച മന്ദഗതിയിലാവുകയും പഴയവ നശിക്കുന്നത് വേഗത്തിലാവുകയും ചെയ്യുന്നു.
ഇതോടെ അസ്ഥികൾ സുഷിരങ്ങൾ നിറഞ്ഞതും പെട്ടെന്ന് ഒടിയാൻ തക്കവണ്ണം ദുർബലവുമായി മാറുന്നു. ഒരു ചെറിയ വീഴ്ചയിൽ പോലും ഇടുപ്പോ കൈത്തണ്ടയോ തകരാൻ കാരണം ഈ അവസ്ഥയാണ്.
ആരെയാണ് കൂടുതലായി ബാധിക്കുന്നത്?
അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് ഈ രോഗബാധ ഏറ്റവുമധികം കണ്ടുവരുന്നത്. പ്രത്യേകിച്ചും ആർത്തവിരാമത്തിന് ശേഷമുള്ള കാലഘട്ടത്തിൽ സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് ഇതിന് ആക്കം കൂട്ടുന്നു.
എങ്കിലും പുരുഷന്മാരും പൂർണ്ണമായും സുരക്ഷിതരല്ല. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വിറ്റാമിൻ ഡിയുടെ അപര്യാപ്തത, പുകവലി, മദ്യപാനം, ദീർഘകാലമായുള്ള സ്റ്റിറോയിഡ് മരുന്നുകളുടെ ഉപയോഗം, വ്യായാമരഹിതമായ ജീവിതശൈലി എന്നിവയെല്ലാം അസ്ഥികളുടെ ബലം ചോർത്തുന്ന പ്രധാന ഘടകങ്ങളാണ്.
പ്രതിരോധ മാർഗ്ഗങ്ങൾ
ചികിത്സയേക്കാൾ എപ്പോഴും പ്രതിരോധമാണ് ഓസ്റ്റിയോപൊറോസിസിന്റെ കാര്യത്തിൽ പ്രധാനം. ചെറുപ്പം മുതലേ അസ്ഥികളുടെ ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്.
ദിനംപ്രതി ആവശ്യത്തിന് കാൽസ്യം ശരീരത്തിലെത്തത്തക്കവിധം പാൽ, തൈര്, ചെറുമത്സ്യങ്ങൾ, ഇലക്കറികൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. എന്നാൽ കാൽസ്യം മാത്രം പോരാ, അത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടാൻ വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്.
ദിവസവും രാവിലെ 15 മിനിറ്റ് നേരം വെയിൽ കൊള്ളുന്നത് ഇതിനായി സഹായിക്കും. കൂടാതെ നടത്തം, പടികൾ കയറൽ, ലഘുവായ വെയ്റ്റ് ട്രെയിനിംഗ് തുടങ്ങിയ വ്യായാമങ്ങളും ശീലമാക്കണം.
ഇടയ്ക്കിടെ നടുവേദന അനുഭവപ്പെടുകയോ, ഉയരം കുറയുന്നതായി തോന്നുകയോ, നിൽക്കുമ്പോൾ ശരീരം മുന്നോട്ട് കൂനുന്നതായി ശ്രദ്ധയിൽ പെടുകയോ ചെയ്താൽ അവഗണിക്കരുത്. ലളിതമായ ബി.എം.ഡി (BMD) ടെസ്റ്റിലൂടെ അസ്ഥികളുടെ ബലം കൃത്യമായി അളന്നെടുക്കാൻ സാധിക്കും.
ഓസ്റ്റിയോപൊറോസിസ് എന്നത് വാർദ്ധക്യത്തിന്റെ അനിവാര്യമായ ഭാഗമല്ലെന്നും, മറിച്ച് ആരോഗ്യകരമായ ജീവിതശൈലിയിലൂടെ പ്രതിരോധിക്കാൻ സാധിക്കുന്ന ഒന്നാണെന്നും ഡോ. രാജീവ് രാഘവൻ (സീനിയർ കൺസൽട്ടന്റ്, ഓർത്തോപീഡിക്സ് വിഭാഗം, തലശ്ശേരി മിഷൻ ഹോസ്പിറ്റൽ, തലശ്ശേരി) വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

