മലയാള സിനിമാ ലോകത്ത് തരംഗമായി മാറിയ ‘ഖലീഫ’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. പൃഥ്വിരാജ്, സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ജിനു എബ്രഹാം എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇതിനിടയിലാണ് ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘മലബാറിലെ ദാദ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 14.5 കോടി രൂപ കളക്ഷൻ നേടി ഗംഭീര ഓപ്പണിംഗ് സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഓണം അവധി ദിനങ്ങളിലും കേരളാ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്.
നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ നായകനായ പൃഥ്വിരാജ് സുകുമാരൻ്റെ മാസ് ആക്ഷൻ പ്രകടനമാണ് പ്രധാന ആകർഷണം. ചിത്രം വൈകാതെ തന്നെ 50 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തൽ.
ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ്. മാമ്പറക്കൽ ആമിർ അലി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.
ഇതിനുപുറമെ, മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന കഥാപാത്രമായെത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുക്കുന്നുണ്ട്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് നടി മാളവിക ശർമ്മ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്ത ദിവസം തന്നെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ നായകനാകുന്ന രണ്ടാം ഭാഗവും വലിയ മുതൽക്കൂട്ടിലായിരിക്കും ഒരുങ്ങുക.
ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ എന്നിവർ നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

