തിരക്കേറിയ യാത്രക്കാർക്കിടയിലേക്ക് മൂർഖൻ പാമ്പ് ഇഴഞ്ഞുയെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന കവാടം പൊളിച്ചു മാറ്റിയ ശേഷം സജ്ജീകരിച്ച താൽക്കാലിക പ്രവേശന കവാടത്തിലാണ് സംഭവം അരങ്ങേറിയത്.
രാവിലെ പതിനൊന്നരയോടെയാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. മറ്റു പ്ലാറ്റ്ഫോമുകളിലേക്കുള്ള മേൽപ്പാലത്തിന്റെ പടവുകളിലാണ് ആദ്യം പാമ്പിനെ കണ്ടത്.
യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് പാമ്പ് പ്രധാന കവാടം സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഈ പ്രവേശന കവാടത്തിലെ പടവുകൾക്ക് അടിയിലാണ് റെയിൽവേ സ്റ്റേഷനിലെ മാലിന്യങ്ങൾ തരംതിരിക്കുന്നത്.
ഇവിടെ കടുത്ത എലി ശല്യമുണ്ടെന്നും അതിനെ പിടികൂടാനായിരിക്കാം പാമ്പ് എത്തിയതെന്നും പോർട്ടർമാരും മാലിന്യം വേർതിരിക്കുന്ന ജോലിക്കാരും വ്യക്തമാക്കുന്നു. പാമ്പുകളുടെ ശല്യം കാരണം കടുത്ത ഭയത്തോടെയാണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന് ശുചീകരണ ജീവനക്കാർ പറയുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനിലെ പാളങ്ങളിലും പ്ലാറ്റ്ഫോമുകളിലും നേരത്തെയും അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളെ കണ്ടെത്തിയിട്ടുള്ളതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷൻ നിർമ്മാണം പുരോഗമിക്കുന്നതിനാൽ മാലിന്യങ്ങൾ സൂക്ഷിക്കാനും തരംതിരിക്കാനും മറ്റ് സംവിധാനങ്ങളില്ലെന്നും, അതുകൊണ്ടാണ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന പടവുകൾക്ക് താഴെ മാലിന്യങ്ങൾ ശേഖരിക്കുന്നതെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. “പ്രധാന കവാടത്തിലാണ് മൂർഖനെ കണ്ടത്.
യാത്രക്കാർ പരിഭ്രാന്തരായി. പിടിക്കാൻ ചെന്ന എന്റെ നേരെ ചീറ്റി.
കഷ്ടിച്ചാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ആളുകൾ പരിഭ്രാന്തരായി ഒച്ചവച്ചതോടെ പാമ്പ് അടുത്തൊരു മാളത്തിലേക്ക് കയറി.
മാളം അടച്ച് കോൺക്രീറ്റ് ചെയ്തു. അടുത്തിടെയായി നാലഞ്ചു പാമ്പുകളെ സ്റ്റേഷന്റെ ഭാഗത്ത് കണ്ടിട്ടുണ്ട്.” എന്ന് പോർട്ടറായ മധു ടൈറ്റസ് വ്യക്തമാക്കി.
സ്റ്റേഷനിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ പല ഭാഗങ്ങളിലും രാത്രികാലങ്ങളിൽ വെളിച്ചമില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. ഇഴജന്തുക്കളുടെ ശല്യം കാരണം വെളിച്ചമുള്ള ഭാഗങ്ങൾ മാത്രം നോക്കിയാണ് യാത്രക്കാർ രാത്രിയിൽ ട്രെയിൻ കാത്തുനിൽക്കുന്നത്.
ഇതിനുപുറമെ, സ്റ്റേഷന്റെ കടപ്പാക്കട ഭാഗത്തേക്ക് ഇറങ്ങുന്നിടത്തും സമാന രീതിയിൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്.
സ്റ്റേഷൻ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണെന്ന് യാത്രക്കാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

