ആധുനികതയുടെ അതിപ്രസരത്തിലും പാരമ്പര്യത്തിന്റെ തനിമ ഒട്ടും ചോരാതെ കുട്ട നെയ്ത്ത് കലയെ നെഞ്ചിലേറ്റുകയാണ് തമിഴ്നാട് തിരൂപ്പൂർ സ്വദേശിയായ രാജഗോപാൽ.
വിപണിയിൽ പ്ലാസ്റ്റിക്കും ഫൈബറും സർവാധിപത്യം സ്ഥാപിക്കുകയും ഗ്രാമീണ നെയ്ത്തുശാലകൾ പലതും ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തെങ്കിലും, ഈറ്റയിലും മുളയിലും വിസ്മയങ്ങൾ തീർക്കുന്ന ഈ കൈകൾക്ക് ഇന്നും വിശ്രമമില്ല. കൃഷിക്കാവശ്യമായ വട്ടികളും മുറങ്ങളും മുതൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള വിവിധതരം കുട്ടകൾ വരെ ഇദ്ദേഹത്തിന്റെ കൈകളിൽ നിമിഷനേരങ്ങൾക്കുള്ളിലാണ് രൂപം കൊള്ളുന്നത്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കഠിനാധ്വാനത്തിന് അനുസൃതമായ വരുമാനം ലഭിക്കാത്തതും ഈ പരമ്പരാഗത മേഖലയെ കടുത്ത പ്രതിസന്ധിയുടെ കയത്തിലേക്ക് തള്ളിയിടുന്നുണ്ട്. ഒരു കുട്ട
നെയ്യുവാൻ ഏകദേശം ഒന്നര മണിക്കൂർ സമയമാണ് ആവശ്യമായി വരുന്നത്. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 200, 150, 100 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില നിശ്ചയിച്ചിരിക്കുന്നത്.
പൂവത്തൂരിൽ നിന്നാണ് കുട്ട നിർമ്മാണത്തിനാവശ്യമായ ഈറ കണ്ടെത്തുന്നത്.
ഒരു ഈറയ്ക്ക് 50 രൂപ വില നൽകിയാണ് വാങ്ങുന്നത്. തുടർന്ന് ഇവ കീറി ഉണക്കാനിടുന്നു.
ഈറ നന്നായി ഉണങ്ങിയ ശേഷമാണു കുട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
കഴിഞ്ഞ 40 വർഷമായി രാജഗോപാൽ കേരളത്തിൽ എത്തിയിട്ട്. മുൻകാലങ്ങളിൽ ചെട്ടിമുക്കിലായിരുന്നു കച്ചവടം നടത്തിയിരുന്നതെങ്കിൽ, കഴിഞ്ഞ 5 വർഷമായി ആറന്മുള മൂർത്തിട്ട
ഗണപതി ക്ഷേത്രത്തിന് സമീപത്താണ് ഇദ്ദേഹത്തിന്റെ തൊഴിലിടം പ്രവർത്തിക്കുന്നത്. ഇന്നത്തെ പുതിയ തലമുറ ഈ പരമ്പരാഗത തൊഴിലിലേക്ക് കടന്നുവരാൻ മടിക്കുന്ന സാഹചര്യത്തിൽ, തനിമയാർന്ന ഇത്തരം നെയ്ത്തുകൊട്ടകൾ വരുംകാലങ്ങളിൽ ചിത്രങ്ങളിലും ഓർമ്മകളിലും മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

