ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത സാധാരണ മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ പുതിയ ഉത്തരവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്ത്. കോളുകൾക്കും എസ്എംഎസിനുമായി മാത്രം കുറഞ്ഞ നിരക്കിലുള്ള പ്രത്യേക താരിഫ് വൗച്ചറുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് ട്രായ് നിർദ്ദേശം നൽകിയിട്ടുണ്ട്.
2026ലെ ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ പ്രകാരമാണ് പുതിയ ഉത്തരവ്. ഇതിലൂടെ മുപ്പത് ദിവസം വരെ കാലാവധിയുള്ള വോയ്സ്, എസ്എംഎസ് പ്ലാനുകൾ ലഭ്യമാക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്.
ഡാറ്റ ഉൾപ്പെടുത്താത്തതിനാൽ ഇത്തരം പ്ലാനുകൾക്ക് നിരക്കിലും ഗണ്യമായ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്ക് ആവശ്യമില്ലാത്ത ഡാറ്റയ്ക്കായി പണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാകും.
മാസത്തിൽ ഒരേ തീയതിയിൽ പ്ലാനുകൾ പുതുക്കാനുള്ള സൗകര്യവും പുതിയ നിർദ്ദേശത്തിലുണ്ട്. മുപ്പത് ദിവസത്തിൽ കൂടുതൽ കാലാവധിയുള്ള കുറഞ്ഞത് ഒരു വോയ്സ്, എസ്എംഎസ് പ്ലാനെങ്കിലും എല്ലാ കമ്പനികളും ഉറപ്പാക്കണം.
കൃത്യമായ തീയതികളില്ലാത്ത മാസങ്ങളിൽ ആ മാസത്തെ അവസാന ദിവസമായിരിക്കും പുതുക്കൽ തീയതിയായി കണക്കാക്കുക. നിലവിൽ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനുകളാണ് ഇത്തരം ആവശ്യങ്ങൾക്കായി പ്രധാനമായും നൽകുന്നത്.
80, 84 ദിവസങ്ങളോ അല്ലെങ്കിൽ 336, 365 ദിവസങ്ങളോ നീണ്ടുനിൽക്കുന്ന പ്ലാനുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ കുറഞ്ഞ വരുമാനമുള്ളവർക്കും ചെറിയ കാലയളവിലേക്ക് റീചാർജ് ചെയ്യാനുള്ള അവസരങ്ങൾ തുറക്കപ്പെടും.
പുതിയ പ്ലാനുകളുടെ കൃത്യമായ നിരക്കുകൾ കമ്പനികൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

