നീലേശ്വരം ∙ നീലേശ്വരം പള്ളിക്കര ‘ഫാർമഗുഡി’യിൽ എം.രാമചന്ദ്രന് കഴിഞ്ഞദിവസം തപാൽ വഴി കണ്ണൂർ സർവകലാശാലയുടെ പിഎച്ച്ഡി സർട്ടിഫിക്കറ്റെത്തി, അതേറ്റു വാങ്ങാൻ പക്ഷേ, രാമചന്ദ്രനുണ്ടായിരുന്നില്ല. പിഎച്ച്ഡി ബിരുദം പ്രതീക്ഷിച്ചിരിക്കവേ, ഹൃദയാഘാതത്തെ തുടർന്ന് 2021 ജൂണിലായിരുന്നു മരണം. പിഎച്ച്ഡി നൽകാനുള്ള സർവകലാശാല നടപടിക്രമങ്ങൾ നിലച്ചതോടെ രാമചന്ദ്രന്റെ ഭാര്യ വി.ജയലക്ഷ്മി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.വി.ഐ.ബീനയെ ബന്ധപ്പെടുകയും നടപടിക്രമങ്ങൾ സർവകലാശാല പുനരാരംഭിക്കുകയുമായിരുന്നു.
തുടർന്ന്, പ്രബന്ധ പരിശോധകരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2024 ഒക്ടോബറിൽ ചേർന്ന ഡീൻസ് കമ്മിറ്റി രാമചന്ദ്രനു പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്തു.
സിൻഡിക്കറ്റ് തീരുമാനപ്രകാരം മരണാനന്തരം പിഎച്ച്ഡി അനുവദിച്ചു.വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി വകുപ്പുകളിൽ എൻജിനീയറായിരുന്ന രാമചന്ദ്രൻ കേരള പൊലീസ് ഹൗസിങ് ഫിനാൻഷ്യൽ കോർപറേഷനിലെ ചീഫ് എൻജിനീയറായാണു വിരമിച്ചത്. സർവീസിലിരിക്കെ പാർട്ട് ടൈം ആയി സിവിൽ എൻജിനീയറിങ് ഗവേഷണം പൂർത്തിയാക്കി 2021ൽ തന്നെ പ്രബന്ധം സമർപ്പിച്ചിരുന്നു.
പരേതരായ ചൂരിക്കാടൻ ബാലകൃഷ്ണൻ നായരുടെയും മഠത്തിൽ തമ്പായി അമ്മയുടെയും 4 മക്കളിൽ രണ്ടാമനായിരുന്നു രാമചന്ദ്രൻ.
വീട്ടിൽ വൈദ്യുതിയില്ലാതിരുന്ന കാലത്തു വീടിനു മുൻപിലെ തെരുവുവിളക്കുകളെയും പള്ളിക്കര ക്ഷേത്ര പടിപ്പുരയിലെ വിളക്കുകളെയുമാണ് അദ്ദേഹം ആശ്രയിച്ചിരുന്നതെന്ന് കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ആയിരുന്ന സഹോദരി ഡോ.എം.രമ ഓർത്തെടുക്കുന്നു.
ബെംഗളൂരുവിൽ എൽഐസി എക്സിക്യൂട്ടീവ് എൻജിനീയറായ തിരുവനന്തപുരം സ്വദേശി ജയലക്ഷ്മിയാണു രാമചന്ദ്രന്റെ ഭാര്യ. അക്ഷയ് റാം, അദ്വൈത് റാം എന്നിവരാണ് മക്കൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

