സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഉണർവേകി കൂടുതൽ ആഡംബര കപ്പലുകൾ (ക്രൂയിസ് കപ്പൽ) കൊച്ചിയിലെത്തി. ഇന്നലെയും ഇന്നുമായി രണ്ട് കപ്പലുകളാണ് തീരത്തെത്തിയത്.
കോവിഡിന് ശേഷം മന്ദഗതിയിലായ ക്രൂയിസ് ടൂറിസം ഇത്തവണ തിരിച്ചുപിടിക്കാമെന്നാണ് ഈ മേഖലയുടെ പ്രതീക്ഷ.
ഇത്തവണത്തെ ക്രൂയിസ് സീസണ് തുടക്കമിട്ട് നവംബർ 18നാണ് ആദ്യ ആഡംബര കപ്പൽ കൊച്ചി തീരമണഞ്ഞത്. ഒഴുകുന്ന സർവകലാശാലയെന്ന് അറിയപ്പെടുന്ന എം.വി വേൾഡ് ഒഡീസിക്കായിരുന്നു ആദ്യ ഊഴം.വിവിധ രാജ്യങ്ങളിലെ 270 സർവകലാശാലകളിൽ നിന്നുള്ള 700 വിദ്യാർഥികളായിരുന്നു കപ്പലിലുണ്ടായിരുന്നത്.
200 ജീവനക്കാരും കപ്പലിലുണ്ടായിരുന്നു.പിന്നാലെ 2,000 സഞ്ചാരികളുമായി കരീബിയൻ ആഡംബര കപ്പലായ മില്ലേനി സെലിബ്രിറ്റിയുമെത്തി. അസ്മാര പർസ്യൂട്ട്, സെവൻ സീസ് നാവിഗേറ്റർ, എംപ്രസ് തുടങ്ങിയ കപ്പലുകളും സഞ്ചാരികളുമായി കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ കാഴ്ചകൾ കാണാനെത്തി.
നടപ്പുസാമ്പത്തിക വർഷത്തിൽ (2026 മാർച്ച് 31 വരെ) 30 ക്രൂയിസ് കപ്പലുകൽ കൊച്ചിയിലെത്തുമെന്നാണ് അധികൃതർ പറയുന്നത്.മേയ് അവസാനം വരെയാണ് ക്രൂയിസ് സീസൺ.
ഈ കാലയളവിൽ 40 കപ്പലുകളാണ് ആകെ പ്രതീക്ഷിക്കുന്നത്. ഏതാണ്ട് അരലക്ഷത്തോളം യാത്രക്കാർ ആഡംബര കപ്പലുകളിൽ കൊച്ചിയിലെത്തുമെന്നും കരുതുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 32 കപ്പലുകളാണ് എത്തിയത്.
കൊറോണക്കാലത്ത് തിരിച്ചടി
2018-19 സാമ്പത്തിക വർഷത്തിൽ 49 ആഡംബര കപ്പലുകളിലാണ് സഞ്ചാരികൾ കൊച്ചി കാണാനെത്തിയത്. 63,000 പേരോളം തീരമണഞ്ഞിരുന്നു. തൊട്ടടുത്ത വർഷം കപ്പലുകളുടെ എണ്ണം 44 ആയി കുറഞ്ഞെങ്കിലും സഞ്ചാരികളുടെ എണ്ണം 68,000ലേക്കെത്തി.
പിന്നാലെ കോവിഡ് മഹാമാരി ബാധിച്ചതോടെ ക്രൂയിസ് ടൂറിസം നിലച്ചു. തൊട്ടടുത്ത രണ്ട് വർഷങ്ങളിൽ ക്രൂയിസ് കപ്പലുകൾ എത്തിയില്ല.
2022-23 സാമ്പത്തിക വർഷത്തിൽ 31,തൊട്ടടുത്ത വർഷം 42 എന്നിങ്ങനെ നില മെച്ചപ്പെട്ടെങ്കിലും രാജ്യാന്തര പ്രതിസന്ധികൾ വീണ്ടും ബാധിച്ചു.
ആഫ്രിക്കയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിലുള്ള ചെങ്കടൽ വഴി യാത്ര ദുഷ്കരമായതാണ് കപ്പലുകൾ കൊച്ചിയെ കൈവിട്ടത്. ചെങ്കടൽ ഒഴിവാക്കി ദക്ഷിണാഫ്രിക്കൻ തീരം വഴി ഇന്ത്യയിലെത്താൻ കൂടുതൽ ചെലവും സമയവും ആവശ്യമാണ്. ഇതോടെ മറ്റ് തീരങ്ങൾ തേടി കപ്പലുകൾ മടങ്ങി.ഹൂതികളുടെ ആക്രമണം നിലച്ചതോടെ ചെങ്കടലിലെ കപ്പൽ ഗതാഗതം ഏറെക്കുറെ സാധാരണ നിലയിലാണ്.
ഈ സാഹചര്യത്തിൽ ഇത്തവണ ക്രൂസ് ടൂറിസം സാധാരണ ഗതിയിലാകുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

