തിരക്കേറിയ വർക്കല കല്ലമ്പലം റോഡിൽ മാവിന്മൂട് ജംക്ഷനിലെ അനധികൃത ഹംപുകൾ മൂലം പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. ഇവിടെ ശാസ്ത്രീയമല്ലാത്ത രീതിയിൽ നിർമ്മിച്ച ഹംപുകൾ മരണക്കെണിയായി മാറിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിൽ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ രണ്ട് യുവജീവനുകളാണ് പൊലിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചൽ ഏറം കമലാലയത്തിൽ അജയകൃഷ്ണൻ ഇവിടെയുണ്ടായ അപകടത്തിൽ മരണമടഞ്ഞതാണ് ഒടുവിലത്തെ സംഭവം.
ബൈക്കിൽ സഞ്ചരിക്കവെ ഹംപിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേൽക്കുകയും, മണിക്കൂറുകളോളം റോഡരികിൽ ചോര വാർന്നു കിടന്നതിനെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഹംപിൽ കയറി നിയന്ത്രണം വിട്ട
വാഹനം സമീപത്തെ സൂപ്പർമാർക്കറ്റ് മതിലിലും പിന്നീട് റോഡരികിലെ ട്രാൻസ്ഫോമറിലും ഇടിച്ചാണ് അപകടമുണ്ടായത്. സമാനമായ രീതിയിൽ കഴിഞ്ഞ ഓഗസ്റ്റ് 23ന് ഞെക്കാട് സ്വദേശിയും വർക്കലയിലെ ബൈക്ക് ഷോറൂം ജീവനക്കാരനുമായ മനോജ് സമാനമായ രീതിയിൽ ഹംപിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞിരുന്നു.
ഹംപിൽ കയറുമ്പോൾ നിയന്ത്രണം വിട്ടുപോയ ബൈക്കിൽ നിന്ന് തെറിച്ചു വീണാണ് അദ്ദേഹം മരണപ്പെട്ടത്. ഇതിനുപുറമേ, ഒരാഴ്ച മുൻപ് മുത്താന സ്വദേശിയായ സാംസനും കുടുംബവും സഞ്ചരിച്ച ബൈക്ക് ഈ ഹംപിൽ തെന്നി വീണ് സാംസനും ഭാര്യയ്ക്കും പരുക്കേറ്റിരുന്നു.
ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനംപ്രതി ഇവിടെ നടക്കുന്നത്. ഹംപുകളിൽ അടിക്കേണ്ട
പെയിന്റും സുരക്ഷാ റിഫ്ലക്ടറുകളും പൂർണമായും മാഞ്ഞുപോയതാണ് തുടർച്ചയായ ദുരന്തങ്ങൾക്ക് പ്രധാന കാരണം. അടിയന്തരമായി അപകട
മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കാൻ തയ്യാറാകാത്ത അധികൃതരുടെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥയാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. മാവിൻമൂടിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മുല്ലറംകോട് ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇവിടെ ഹംപുകൾ സ്ഥാപിച്ചതെങ്കിലും, ഇവ വേണ്ട
രീതിയിൽ പരിപാലിക്കാത്തത് വലിയ വിപത്തായി മാറിയിരിക്കുകയാണ്. മതിയായ മുന്നറിയിപ്പ് ബോർഡുകളോ തെളിഞ്ഞ ചായമോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിലും പുലർച്ചെയും എത്തുന്ന വാഹനങ്ങളിൽ ഉള്ളവർക്ക് ഇവിടെ ഹംപ് ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല.
നിലവിലെ സ്ഥിതി തുടർന്നാൽ സ്കൂൾ കുട്ടികൾക്കും ഇത് വലിയ ആപത്തായി മാറുമെന്നാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നത്. അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് നാട്ടുകാരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

