സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിനോദയാത്രയോട് അനുബന്ധിച്ച് റോഡിൽ ഭീതി പരത്തുന്ന രീതിയിൽ അതിവേഗത്തിൽ പായുകയും ശബ്ദഘോഷങ്ങൾ ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് വാഹനങ്ങൾ പുത്തൂർ പൊലീസ് പിടികൂടി. നമ്പർ പ്ലേറ്റ് മറച്ച് സർവീസ് നടത്തിയ ആഡംബര കാറും ഇതിൽ ഉൾപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ തട്ടാമല സ്വദേശി അഭിഷേക് (23) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പവിത്രേശ്വരം മലനടയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും വിനോദയാത്ര പുറപ്പെടുന്ന ടൂറിസ്റ്റ് ബസിന് അകമ്പടിയായാണ് ആഡംബര കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡ് ഷോ നടത്തിയത്.
വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കാതടപ്പിക്കുന്ന ശബ്ദത്തോടെയും പൊതുജനങ്ങൾക്ക് ഭീതി പരത്തുന്ന തരത്തിലുമായിരുന്നു കാറുകളുടെ പാച്ചിലെന്ന് പൊലീസ് വ്യക്തമാക്കി.
കാറിന്റെ സൈലൻസറിൽ നിന്നും തീ തുപ്പുന്ന രീതിയിൽ അനധികൃത രൂപമാറ്റം വരുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരുടെ ഭാഗത്തുനിന്നും വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) പരിശോധനയ്ക്ക് ശേഷം ഈ വാഹനങ്ങൾ കോടതിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പുത്തൂർ സിഐ എസ്.സന്തോഷ്, എസ്ഐ വിമൽ രംഗനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

