കാസർകോട് ∙ റെയിൽവേ പ്ലാറ്റ്ഫോമുകൾ കീഴടക്കി നായ്ക്കൾ. കടിയേൽക്കാതെ രക്ഷപ്പെടാൻ യാത്രക്കാരുടെ പെടാപ്പാട്.
റെയിൽവേ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമിലും ഭീതി പരത്തുകയാണു നായ്പ്പട. കൂട്ടത്തോടെ വിഹരിക്കുന്ന നായ്ക്കൾ കാരണം രാത്രി വൈകിയും പുലർച്ചെയും മാത്രമല്ല പകൽ സമയത്തുപോലും സുരക്ഷിതമായി നിൽക്കാനാവാത്ത സ്ഥിതി.
കാസർകോട് റെയിൽവേ സ്റ്റേഷൻ
ട്രാഫിക് സർക്കിളിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന റോഡിന്റെ ഇരുഭാഗത്തും നടപ്പാതകളിൽ വ്യാപകമായി നായ്ക്കളെ കാണാം.
സ്റ്റേഷൻ പ്ലാറ്റ്ഫോം, ഫൂട്ട് ഓവർ ബ്രിജ്, വെയ്റ്റിങ് റൂം പരിസരം എന്നിവിടങ്ങളിലായി ഇരുപതോളം നായ്ക്കളുണ്ടെന്നാണു യാത്രക്കാർ പറയുന്നത്.
നായ്ക്കളുടെ ശല്യം തടയാൻ നഗരസഭയ്ക്കു സ്ഥിരമായി കത്തു നൽകുന്നുണ്ട്. പട്ടിപിടിത്തക്കാരെത്തി കൊണ്ടുപോയി കുത്തിവയ്പ് നടത്തി വിടുന്ന നായ്ക്കൾ ഇവിടെതന്നെ തിരിച്ചെത്തുന്നു.
ഇവിടെ തങ്ങുന്ന നായ്ക്കൾക്കു റെയിൽവേ ജീവനക്കാരും യാത്രക്കാരും തീറ്റ നൽകുന്നതു പതിവാണ്. അതിനിടെ ഉപദ്രവമില്ലാതെ കിടക്കുന്ന നായ്ക്കളെ അടിക്കുക, കല്ലേറ് തുടങ്ങിയ കാരണങ്ങളാൽ കൂട്ടത്തോടെ വന്നു ആക്രമിക്കുന്ന സ്ഥിതി ഉണ്ട്.
കാഞ്ഞങ്ങാട് സ്റ്റേഷൻ
തെരുവുനായ ശല്യം കൊണ്ട് ഏറെ വലയുന്ന സ്റ്റേഷനുകളിലൊന്നാണ് കാഞ്ഞങ്ങാട്.
സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ചു നൂറിലധികം തെരുവുനായ്ക്കളുണ്ടെന്നു പരിസരവാസികൾ പറയുന്നു. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്ന നായ്ക്കൾ യാത്രക്കാർക്കു ഭീഷണിയാണ്.
കിടന്നുറങ്ങുന്ന നായ്ക്കളെ അറിയാതെ ചവിട്ടി കടികിട്ടുന്ന സംഭവവുമുണ്ടാവുന്നു. സ്റ്റേഷനിൽ വൈദ്യുതി പോയാൽ കിടന്നുറങ്ങുന്ന നായ്ക്കൾ യാത്രക്കാരുടെ ശ്രദ്ധയിൽപെടാറില്ല.
റെയിൽവേ സ്റ്റേഷൻ പരിസരവും നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. സമീപത്തു മത്സ്യമാർക്കറ്റുള്ളത് ഇവയുടെ എണ്ണംകൂടാൻ കാരണമാകുന്നു.
രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷൻ റോഡ് വഴി നടന്നുപോകാൻ ഭയമാണെന്നു യാത്രക്കാർ പറയുന്നു. വഴിയോരത്തു വെളിച്ചമില്ലാത്തതും പ്രതിസന്ധിയാണ്.
പേയിളകിയ പട്ടിയെ ആഴ്ചകൾക്കു മുൻപ് സ്റ്റേഷൻ പരിസരത്തു ചത്തനിലയിൽ കണ്ടിരുന്നു. ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും സ്റ്റേഷനിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകൾ
മഞ്ചേശ്വരം, കുമ്പള റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളിലും വരാന്തകളിലും തമ്പടിച്ചിരിക്കുന്ന നായകൾ യാത്രക്കാർക്കു വലിയ ഭീഷണിയാണ്.
ടിക്കറ്റ് കൗണ്ടറുകൾ മുതൽ പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങൾ വരെ ചിലപ്പോൾ നായകളുടെ നിയന്ത്രണത്തിലാണ്. രാത്രികാലങ്ങളിലെത്തുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ട്രെയിനിറങ്ങി പുറത്തു കടക്കണമെങ്കിൽ നായ്ക്കൂട്ടത്തെ മറികടക്കണം. ബാഗുകളുമായി പോകുന്ന യാത്രക്കാരെയും ചെറിയ കുട്ടികളെയും നായകൾ പിന്തുടർന്ന് ആക്രമിക്കാൻ മുതിരാറുണ്ട്.
കുമ്പളയിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യങ്ങളാണ് നായകൾ തമ്പടിക്കാൻ പ്രധാന കാരണം. പ്ലാറ്റ്ഫോമിലെ ബെഞ്ചുകളിൽവരെ നായകൾ വിശ്രമിക്കുന്നത് കാണാം.
മഞ്ചേശ്വരത്ത് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പലപ്പോഴും നായകൾ കൂട്ടമായി കിടക്കുന്നത് ടിക്കറ്റ് എടുക്കാനെത്തുന്നവർക്കും ട്രെയിൻ കാത്തുനിൽക്കുന്നവർക്കും ഒരുപോലെ തലവേദനയാകുന്നു. ഉപ്പള റെയിൽവേ സ്റ്റേഷനിൽ നായശല്യം രൂക്ഷമല്ലെങ്കിലും സ്റ്റേഷനു സമീപത്ത് അജ്ഞാതർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തേടിയെത്തുന്ന നായ്ക്കൾ തമ്മിൽ പലപ്പോഴും കടിപിടി കൂടുന്നത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തുന്നുണ്ട്.
തെരുവുനായ ശല്യം പരിഹരിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

