സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്ഷം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന വയനാട് ജില്ലയിൽ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 60 കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനുപുറമേ, നിലവിലുള്ള 25 കിലോമീറ്റർ ദൂരത്തിലുള്ള സോളാർ ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൽപറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വനമേഖലയോട് ചേർന്ന് ജനവാസമുള്ള സാഹചര്യം കണക്കിലെടുത്ത്, ജില്ലയിലെ വനപ്രദേശത്തിന്റെ വാഹകശേഷി പഠിക്കാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പഠനത്തിന്റെ ഭാഗമായി കടുവ, ആന എന്നിവയുടെ എണ്ണം തിട്ടപ്പെടുത്തുമെന്നും, വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓഗസ്റ്റ് ആറിന് പാലക്കാട് ജില്ലയിൽ സമഗ്ര ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ കാടുകളിൽ നിന്നും പിടികൂടുന്ന കടുവകളെ മറ്റ് ടൈഗർ റിസർവുകളിലേക്ക് മാറ്റുന്നതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. കർഷകർ, വനം വകുപ്പ്, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, ജനജാഗ്രത സമിതികൾ എന്നിവയുടെ കൂട്ടായ സഹകരണത്തിലൂടെ മാത്രമേ വനമേഖലയുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കർഷകന്റെ ഭൂമി കർഷകനും വനഭൂമി വനത്തിനും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഇതിന്റെ ഭാഗമായി വനം വകുപ്പിന് കീഴിലുള്ള 100 കിലോമീറ്റർ റോഡിന്റെ ക്ലിയറൻസ് ഉറപ്പാക്കും. നൂറു ദിവസത്തിനകം ജില്ലയ്ക്ക് നാല് റാപിഡ് റെസ്പോൺസ് ടീമുകളെ അനുവദിക്കും.
വാച്ചർമാർക്ക് ആവശ്യമായ അധിക ഉപകരണങ്ങൾ നൽകി കൂടുതൽ സജ്ജമാക്കും. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് അദാലത്തുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അദാലത്തുകളിൽ വകുപ്പിൽ ഫയൽ ചെയ്തിട്ടുള്ള (ഒ.ആർ) പരാതികൾ പുനഃപരിശോധിച്ച് തീർപ്പാക്കൽ, കൃഷിനാശവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരം ലഭ്യമാക്കൽ, കർഷകന്റെ ഭൂമിക്ക് എൻ.ഒ.സി അനുവദിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമുണ്ടാക്കും. വാർത്താസമ്മേളനത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സന്നിഹിതനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

