ഇന്ത്യൻ ചലച്ചിത്ര ലോകത്ത് വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ ഉറ്റുനോക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് രാമായണ. തലമുറകളെ സ്വാധീനിച്ച ഇതിഹാസ കാവ്യം രണ്ട് ഭാഗങ്ങളായാണ് വെള്ളിത്തിരയിലെത്തുന്നത്.
ദംഗൽ അടക്കമുള്ള ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രമുഖ സംവിധായകൻ നിതേഷ് തിവാരിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗങ്ങളും ചേർത്ത് ആകെ 3000 കോടിയോളം ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രമാണിത്.
സിനിമയുടെ റിലീസിനും മുൻപേയുള്ള ഹൈപ്പ് വ്യക്തമാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സംബന്ധിച്ച നിർണ്ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
രാമായണയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് 75 കോടി രൂപയാണ് മ്യൂസിക് റൈറ്റ്സ് ഇനത്തിൽ നിർമ്മാതാക്കൾക്ക് ലഭിച്ചിരിക്കുന്നത്. പ്രമുഖ സംഗീത കമ്പനിയായ ടി സിരീസ് ആണ് ഇത്രയും വലിയ തുക മുടക്കി ഈ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. ധുരന്ധർ 2 ന്റെ റെക്കോർഡാണ് ഇതിലൂടെ രാമായണ തകർത്തിരിക്കുന്നത്.
ധുരന്ധർ: ദി റിവെഞ്ച് മ്യൂസിക് റൈറ്റ്സിലൂടെ നേടിയത് 54 കോടി രൂപയായിരുന്നു. ആ നേട്ടവും ടി സിരീസ് തന്നെയാണ് സ്വന്തമാക്കിയിരുന്നത്.
ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സിനായി വൻ മത്സരമാണ് സിനിമാ മേഖലയിൽ നടDന്നത്. ടി സിരീസും സോണി മ്യൂസിക്കും തമ്മിൽ കടുത്ത മത്സരമാണ് ഉണ്ടായത്.
സോണി മ്യൂസിക് 70 കോടി രൂപ വരെ മുടക്കാൻ തയ്യാറായിരുന്നുവെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 5 കോടി രൂപ കൂടി അധികം മുടക്കി ടി സിരീസ് ഈ വലിയ ഡീൽ സ്വന്തമാക്കുകയായിരുന്നു.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകരായ ഹാൻസ് സിമ്മറും എ ആർ റഹ്മാനുമാണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്.
ഇക്കാരണത്താൽ തന്നെ ചിത്രത്തിന്റെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനുമായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ കഥാഗതിയിൽ സംഗീതത്തിന് നിർണ്ണായക പ്രാധാന്യമാണുള്ളത്.
ജൂലൈ 30 ന് പുലർച്ചെ 4.15 ന് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തും. ഹോളിവുഡ് ചിത്രം സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേയ്ക്കൊപ്പം ഈ ട്രെയ്ലർ തിയറ്ററുകളിലും പ്രദർശിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

