തൃശൂർ ജില്ലയിലെ പുതുക്കാട്ട് തട്ടുകടയിലുണ്ടായ സംഘർഷത്തിന് പിന്നാലെ, യുവാക്കളെ ജീപ്പിടിപ്പിച്ചു കൊലപ്പെടുത്താൻ പൊലീസുകാർ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി പരുക്കേറ്റ യുവാവിന്റെ അമ്മ രംഗത്ത്. സംഭവുമായി ബന്ധപ്പെട്ട
പൊലീസുകാരുടെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘വെള്ളത്തിലേക്കു വണ്ടിയിട്ട
കാര്യം സിഐയോടു പറയേണ്ട. അവൻ ചാവുകയാണെങ്കിൽ ആയിക്കോട്ടെ’ എന്ന് പൊലീസുകാർ പരസ്പരം സംസാരിക്കുന്ന ശബ്ദമാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്.
തന്റെ മകൻ അമൽ, സുഹൃത്തുക്കളായ വിഷ്ണു, അഭിഷേക് എന്നിവരെ വധിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രസന്ന എഡിജിപിക്ക് പരാതി സമർപ്പിച്ചു. കല്ലൂർ ഇഞ്ചോടി സ്വദേശിനിയാണ് ഇവർ.
അമലിന്റെ മൊബൈൽ ഫോണിൽ യാദൃശ്ചികമായി പതിഞ്ഞ ശബ്ദസന്ദേശമാണ് തെളിവായി കുടുംബം പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 19-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഫുട്ബോൾ ലോകകപ്പ് ഫൈനൽ കാണുന്നതിനായി പുറത്തിറങ്ങിയതായിരുന്നു അമൽ അടക്കമുള്ള സംഘം. തുടർന്ന് പുതുക്കാട് സെന്ററിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മറ്റൊരു സംഘവുമായി ഇവിടെ വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സംഘം യുവാക്കളുടെ വീട്ടിലെത്തിയെങ്കിലും ആ സമയത്ത് അവർ അവിടെയുണ്ടായിരുന്നില്ല. എന്നാൽ യുവാക്കളുടെ ഇരുചക്രവാഹനങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ തോട്ടിലേക്ക് വലിച്ചെറിഞ്ഞതായി അമ്മയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിനിടെ അമലിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോണിൽ അബദ്ധത്തിൽ റെക്കോർഡായ ക്ലിപ്പിലാണ് പൊലീസ് ജീപ്പിലിരുന്ന് നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങൾ വ്യക്തമായത്.
പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടും വരന്തരപ്പിള്ളി പൊലീസ് ഇവർക്കെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും പ്രസന്നയുടെ പരാതിയിൽ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

