തിരുവനന്തപുരം: മാസപ്പടി കേസ് സംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവർക്കെതിരെ രൂപീകരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കാര്യത്തിൽ ഇന്ന് ഔദ്യോഗിക തീരുമാനമുണ്ടാകും. ഇതുസംബന്ധിച്ച സർക്കാർ തീരുമാനം ഔദ്യോഗികമായി ഡിജിപിക്ക് കൈമാറുന്നത് ഇന്നായിരിക്കും.
തുടർന്ന് എസ്ഐടി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കും. രൂപീകൃതമാകുന്ന അന്വേഷണ സംഘം പ്രാരംഘ ഘട്ടത്തിൽ തന്നെ ഇഡി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
ഇഡിയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയായിരിക്കും തുടർ അന്വേഷണ നടപടികൾ മുന്നോട്ട് കൊണ്ടുപോകുക. പ്രത്യേകിച്ചും ഹവാല ഇടപാടുകളിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.
മുപ്പത് ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ മാസപ്പടി വിവാദത്തിലാണ് ഇപ്പോൾ സംസ്ഥാന പൊലീസ് അന്വേഷണത്തിന് കളമൊരുങ്ങിയിരിക്കുന്നത്.
ഇഡി കത്ത് നൽകി പതിനഞ്ച് ദിവസങ്ങൾ പിന്നിട്ട ശേഷമാണ് സർക്കാർ ഈ നിർണ്ണായക നടപടിയിലേക്ക് കടക്കുന്നത്.
പിണറായി വിജയൻനെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാമെന്ന തരത്തിൽ നിയമോപദേശം ലഭിച്ചിരുന്നെങ്കിലും, പ്രാരംഭ അന്വേഷണത്തിന് ശേഷം മാത്രം കേസ് രജിസ്റ്റർ ചെയ്യാനാണ് നിലവിൽ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നയപരമായ തീരുമാനമെടുത്തത്.
ഇതിനിടെ, ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തിയിരുന്നു. അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ആവശ്യമായ നിർദ്ദേശം അടങ്ങിയ കത്ത് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
പിണറായി വിജയൻനെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാമെന്നായിരുന്നു എജിയുടെയും ഡിജിപിയുടെയും നിയമോപദേശം. എന്നാൽ, ഹവാല ഇടപാടുകൾ വിജിലൻസിന് നേരിട്ട് അന്വേഷിക്കാൻ സാധിക്കാത്ത സാഹചര്യം മുൻനിർത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് എന്നാണ് ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ പ്രതികൾ കോടതിയെ സമീപിക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമപരമായ തിരിച്ചടികൾ ഒഴിവാക്കാനാണ് എസ്ഐടി അന്വേഷണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. ഇഡി സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പെട്ടെന്ന് കേസെടുത്താൽ രാഷ്ട്രീയമായ ഒത്തുതീർപ്പ് ആരോപണങ്ങൾ ശക്തമാകുമെന്ന വിലയിരുത്തലുമുണ്ട്.
30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടടികളിലേക്ക് അന്വേഷണ സംഘം കടക്കും. അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയാൽ പ്രത്യേക വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന ശുപാർശയും ഡിജിപി സർക്കാരിന് സമർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

