കാസർകോട്: ലഹരിക്കടത്തു കേസിൽ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാനായി ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ രണ്ടംഗ സംഘത്തിന്റെ കാറിൽനിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. വിദ്യാനഗറിലെ ജില്ലാ പൊലീസ് ആസ്ഥാനത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കാപ്പാട് കടക്കര ടെംപിൾ റോഡിൽ സജിനാസ് വീട്ടിൽ കെ.പി.ഷാനിസ് (35), കർണാടക പണാജെ അർളപദവിലെ മുഹമ്മദ് അർഷാദ് (34) എന്നിവരെ ഡാൻസാഫ് അംഗങ്ങളും കാസർകോട് ടൗൺ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപ് നീലേശ്വരം പൊലീസ് ലഹരിക്കടത്ത് കേസിൽ പിടികൂടിയ വാഹനം തിരികെ ലഭിക്കുന്നതിനായാണ് ഇവർ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിയത്.
കെ.പി.ഷാനിസ് നർകോട്ടിക് സെൽ ഡിവൈഎസ്പി ഓഫിസിലേക്ക് കാര്യങ്ങൾക്കായി പോയ സമയത്ത് മുഹമ്മദ് അർഷാദ് കാറിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ പൊലീസിനെ കണ്ടതോടെ പരിഭ്രാന്തനായ അർഷാദ് കയ്യിലുണ്ടായിരുന്ന ഒരു ബാഗ് കാറിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു.
യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വാഹനം പരിശോധിക്കുകയും ബാഗിൽനിന്ന് 0.240 ഗ്രാം എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു. കാസർകോട് ഇൻസ്പെക്ടർ മെൽബിൻ ജോസ്, എസ്ഐ രതീശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സനൽ, സിവിൽ പൊലീസ് ഓഫിസർ കലേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

