മലപ്പുറം ജില്ലയിലെ വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
നിലവിൽ 18 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഒക്ടോബർ 3 മുതൽ 18 വരെയുള്ള തീയതികളിൽ ഈ പുതിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം 11-ാം തീയതി ഹോട്ടലിലെ ജീവനക്കാർക്കാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്.
വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തുകളില് ഉള്ളവർക്കാണ് ഇത്തരത്തിൽ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് വീടുകൾ തോറും കയറി ബോധവൽക്കരണവും പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
തട്ടുകടകൾ ഉൾപ്പെടെയുള്ള എല്ലാ ഭക്ഷണശാലകളിലും പാചകത്തിനും കുടിക്കാൻ ഉപയോഗിക്കുന്നതുമായ വെള്ളത്തിന്റെ ശുചിത്വം കർശനമായി ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി വണ്ടൂർ നഗരത്തിലെ റസ്റ്ററന്റുകൾ, കൂൾബാർ, കന്റീൻ തുടങ്ങിയ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ കർശന പരിശോധന നടത്തി.
നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ഏതാനും സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂമിന്റെ നേതൃത്വത്തിലുള്ള രണ്ട് സ്ക്വാഡുകളാണ് പരിശോധനകൾക്ക് ചുക്കാൻ പിടിച്ചത്.
വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് വ്യക്തമാക്കി.

