മാലിന്യങ്ങൾ തള്ളുന്ന മിനി എംസിഎഫ് കെട്ടിടങ്ങൾ അടിയന്തര ഘട്ടങ്ങളിൽ ജീവനുള്ള തെരുവുനായ്ക്കളെ പാർപ്പിക്കാനും ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തി കവല. പ്രദേശത്ത് മൂന്ന് ദിവസം മുൻപ് നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും കുറുക്കൻ കടിച്ച് പരുക്കേൽപ്പിച്ചിരുന്നു.
പേവിഷബാധയേറ്റതായി സംശയിക്കുന്ന ഈ കുറുക്കൻ പിന്നീട് ചാവുകയും ചെയ്തു. ഇതിനെത്തുടർന്ന് നിരവധി തെരുവുനായ്ക്കൾക്ക് കുറുക്കന്റെ കടിയേറ്റേക്കാമെന്ന ആശങ്കയിൽ അധികൃതർ ഇടപെടുകയും പട്ടിപിടിത്ത സംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
നായ്ക്കളെ പിടികൂടിയെങ്കിലും ഇവയെ എവിടെ പാർപ്പിക്കുമെന്നത് അധികൃതർക്കും പട്ടിപിടിത്തക്കാർക്കും വലിയ പ്രതിസന്ധിയായി മാറി. പിടികൂടിയ നായ്ക്കളെ തിരികെ തുറന്നുവിട്ടാൽ നാട്ടുകാരുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്നതിനാൽ പുതിയ മാർഗങ്ങൾ തേടേണ്ടി വന്നു.
തുടർന്ന് ആനപ്പന്തിക്കവലയ്ക്ക് സമീപം വെറുതേ കിടന്നിരുന്ന മിനി എംസിഎഫിൽ പട്ടിപിടിത്തക്കാരുടെ ശ്രദ്ധ പതിക്കുകയും, ഇതാണ് സുരക്ഷിത താവളമെന്ന് ഉറപ്പിച്ച് നായ്ക്കളെ ഇതിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് കെട്ടിടത്തിന്റെ താക്കോൽ പഞ്ചായത്തംഗം എം.രാജേഷിനെ ഏൽപിച്ചു.
എംസിഎഫിനുള്ളിലായ നായ്ക്കൾക്ക് ഭക്ഷണവും വെള്ളവും ഒരുക്കേണ്ട ഉത്തരവാദിത്തം ഈ പഞ്ചായത്തംഗത്തിന്റെ തലയിലായി.
തുടക്കത്തിൽ നാല് നായ്ക്കളെ കൂട്ടിനുള്ളിലാക്കിയെങ്കിലും ഒരെണ്ണം രക്ഷപ്പെടുകയുണ്ടായി. വിവിധ സ്ഥലങ്ങളിൽ നിന്നു പിടിച്ചെടുത്ത മറ്റ് മൂന്ന് നായ്ക്കൾക്കും ഒരേ ഭക്ഷണം നൽകിയത് അവ സ്വീകരിക്കാൻ തയാറായില്ല.
ഇതോടെ പഞ്ചായത്തംഗം സ്വന്തം പണം മുടക്കി മൂന്ന് നായ്ക്കൾക്കും വ്യത്യസ്തമായ ഭക്ഷണങ്ങൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. രാത്രി ചോറും മീൻകറിയും, ഇടയ്ക്ക് കൊറിക്കാൻ മിക്സ്ചറും ബിസ്കറ്റും മാറിമാറി ആവശ്യാനുസരണം എംസിഎഫിൽ എത്തിച്ചു നൽകി.
കുടിക്കാൻ ബക്കറ്റ് നിറയെ ശുദ്ധജലവും ഒരുക്കി. രണ്ട് ദിവസം കഴിഞ്ഞതോടുകൂടി വഴിയാത്രക്കാരും വിവരമറിഞ്ഞവരും എംസിഎഫിലെ ‘വിഐപി’ നായ്ക്കളെ കാണാൻ തടിച്ചുകൂടാൻ തുടങ്ങി.
ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. തെരുവുനായ്ക്കളെക്കാൾ വലിയ ശല്യം കാഴ്ചക്കാരെക്കൊണ്ട് ഉണ്ടാകാൻ തുടങ്ങിയതോടെ അധികൃതരും വെട്ടിലായി.
ഇതിനിടയിൽ ചില മൃഗസ്നേഹികൾ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. എംസിഎഫിനകത്തായ നായ്ക്കളെ എങ്ങനെയെങ്കിലും കൊണ്ടുപോകാമെന്ന ഉറപ്പ് പട്ടിപിടിത്തക്കാരിൽ നിന്ന് ലഭിച്ചത് അധികൃതർക്ക് ചെറിയ ആശ്വാസമായിട്ടുണ്ട്.
ഇനി നായ്ക്കളെ പിടികൂടണമെങ്കിൽ ആദ്യം സുരക്ഷിതമായ കൂട് ഒരുക്കണമെന്ന ആവശ്യവും പട്ടിപിടിത്തക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. പേപ്പട്ടി ശല്യം രൂക്ഷമായ അടിയന്തര ഘട്ടത്തിൽ തെരുവുനായ്ക്കളെ എംസിഎഫിൽ താൽക്കാലികമായി പൂട്ടിയിട്ടതാണെന്നും, നായ്ക്കളെ ഉടൻ തന്നെ അവിടെനിന്ന് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

