വികസന പദ്ധതികള്‍ പ്രഖ്യാപിച്ചതിനുശേഷം അവയുടെ തുടര്‍നടപടികളോ വ്യക്തതയോ ഇല്ലാത്തത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നു. ജലപാത, പുതിയ റെയില്‍പാളങ്ങള്‍, ആറുവരി ദേശീയപാത ബഫര്‍സോണ്‍ തുടങ്ങിയ പദ്ധതികളുടെ അലൈന്മെന്റ് സാധ്യതാപരിധിയില് ഉള്‍പ്പെടുന്ന ഭൂവുടമകളാണ് ദുരിതം പേറുന്നത്.
മാഹി മുതല്‍ വളപട്ടണം പുഴ വരെ ജലപാതപദ്ധതിയുടെ ഉപപാതയ്ക്കായി അലൈന്മെന്റ് കണക്കാക്കി കുറ്റിയിട്ടിട്ട് പത്തു വര്‍ഷം പിന്നിട്ടു. എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇനിയും വ്യക്തത വന്നിട്ടില്ല.
ഭവനനിര്‍മ്മാണത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമായി കരുതിവെച്ച സ്ഥലങ്ങളും ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ച ഇടങ്ങളും ജലപാത അലൈന്മെന്റില് പെട്ടതോടെ പൂര്‍ണ്ണമായും സ്തംഭിച്ചു. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നിര്‍മ്മാണം തുടങ്ങിയ പല വീടുകളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ദയനീയ കാഴ്ചകളുമുണ്ട്.
കുടുംബസ്വത്ത് ഭാഗം വെക്കാനോ, ഭൂമി പണയം വെച്ച് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് ഉടമകള്‍. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വലിയ ആശ്വാസമായെങ്കിലും, പുതിയ ദേശീയപാതയുടെ ബഫര്‍സോണ്‍ പ്രഖ്യാപനവും പുതിയ റെയില്‍പാതയുടെ അനിശ്ചിതത്വവും ജനങ്ങളില്‍ വീണ്ടും ആശങ്ക പരത്തുന്നുണ്ട്.
പുതിയ ആറുവരി ദേശീയപാതയുടെ മധ്യത്തില്‍ നിന്ന് ഇരുവശത്തേക്കും 45 മീറ്റര്‍ പരിധിക്കുള്ളില്‍ വീടുകളോ, 75 മീറ്റര്‍ പരിധിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളോ പാടില്ലെന്നാണ് നിര്‍ദ്ദേശം. ഈ പരിധിക്കുള്ളിലെ വീടുകളുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുന്ന നിര്‍മ്മാണങ്ങള്‍ തടഞ്ഞിരിക്കുകയാണ്.
കൂടാതെ വാണിജ്യ കെട്ടിടങ്ങളുടെ ലൈസന്‍സുകളും പുനഃപരിശോധിക്കേണ്ടതുണ്ട്. നിലവിലുള്ള പാതയ്ക്ക് സമാന്തരമായും എന്നാല്‍ ചിലയിടങ്ങളില്‍ 270 മീറ്റര്‍ വരെ മാറിവരുന്നതുമാണ് പുതിയ റെയില്‍പാതാ പദ്ധതി.
മുഴപ്പിലങ്ങാട് മുതല്‍ കണ്ണൂര്‍ കിഴുത്തള്ളി വരെയുള്ള മേഖലയില്‍ ദേശീയപാതയും റെയില്‍വേ പാളങ്ങളും കടന്നുപോകുന്നത് അടുത്തടുത്ത പ്രദേശങ്ങളിലൂടെയാണ്. പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും ലഭ്യമല്ലാത്തത് ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഇരുട്ടിലാക്കുകയാണ്.
തങ്ങള്‍ വികസനത്തിന് എതിരല്ലെന്നും എന്നാല്‍ വര്‍ഷങ്ങളായി സ്വന്തം ഭൂമിയില്‍ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താനാവാതെ പദ്ധതിക്കായി നാട്ടിയ കുറ്റികളും നോക്കി നെയ്യേണ്ട ഗതികേടിലാണ് തങ്ങളെന്നും ഭൂവുടമകള്‍ വേദനയോടെ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

