നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനുപുറമേ മറ്റൊരു പ്രശസ്തമായ ബഹുമതിയായ പുലിറ്റ്സർ പുരസ്കാരത്തിനും അദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.
സൗത്ത് കരോലിനയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് നൊബേൽ സമ്മാനവും പുലിറ്റ്സർ പുരസ്കാരവും തനിക്ക് നിഷേധിക്കപ്പെട്ടതിലുള്ള അമർഷം അദ്ദേഹം പരസ്യമാക്കിയത്. നിലവിലുള്ള പുലിറ്റ്സർ ജേതാക്കളുടെ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും പ്രസിഡന്റ് ആരോപിച്ചു.
“എനിക്ക് നൊബേൽ സമ്മാനം ലഭിച്ചില്ല, പുലിറ്റ്സർ സമ്മാനവും ലഭിച്ചില്ല. എഴുത്തിന് എനിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു” എന്ന് ട്രംപ് റാലിയിൽ പറഞ്ഞു.
അമേരിക്കൻ മാധ്യമപ്രവർത്തനം, സാഹിത്യം, നാടകം, സംഗീതം എന്നീ മണ്ഡലങ്ങളിലെ മികച്ച സംഭാവനകൾക്കാണ് പുലിറ്റ്സർ പുരസ്കാരം സമ്മാനിക്കുന്നത്. എന്നാൽ ഇതിൽ ഏത് മേഖലയിലെ മികവിനാണ് താൻ അർഹനെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
“പുലിറ്റ്സർ പുരസ്കാരം ലഭിച്ച ആളുകൾക്ക് അത് ലഭിക്കാൻ അർഹതയുണ്ടായിരുന്നില്ല, നിങ്ങൾക്കറിയാമോ? റഷ്യ, റഷ്യ, റഷ്യ എന്ന വിഷയത്തിലെ അവരുടെ കൃത്യവും അത്ഭുതകരവുമായ എഴുത്തിനാണ് അവർക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചത്. എന്നാൽ അവർക്ക് തെറ്റിപ്പോയി, എല്ലാവർക്കും തെറ്റിപ്പോയി” എന്നാണ് ട്രംപ് കൂട്ടിച്ചേർത്തത്.
തുടർന്ന്, വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ ശേഷം മരുന്നുകളുടെ വില കുറയ്ക്കാൻ നടപ്പിലാക്കിയ നടപടികളും കുറ്റകൃത്യങ്ങളുടെ വ്യാപ്തി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിന് വളരെ മുൻപ്, 1987-ൽ തന്നെ ട്രംപ് തന്റെ ആദ്യ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു.
“ദി ആർട്ട് ഓഫ് ദി ഡീൽ” എന്നാണ് ഈ പുസ്തകത്തിന്റെ പേര്. ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളിലായി ഏകദേശം ഇരുപതോളം പുസ്തകങ്ങൾ അദ്ദേഹം ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

