വയനാട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകുന്നതിനായി ‘ബ്രാൻഡ് വയനാട് ടൂറിസം’ എന്ന ആശയവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയുമായി വിശദമായ കൂടിയാലോചനകൾ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി വ്യക്തമാക്കി. കൽപറ്റ കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ജില്ലയിലെ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിലുൾപ്പെടുന്ന റോഡുകളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി. കല്ലോടി – വെള്ളമുണ്ട
– തോട്ടോളിപ്പടി റോഡ്, പുല്ലുമല – കരിവയൽ റോഡ് എന്നിവയുടെ നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കാൻ ജൽ ജീവൻ മിഷൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ അടിയന്തര യോഗം വിളിക്കാൻ ജില്ലാ കലക്ടർക്ക് എംപി നിർദ്ദേശം നൽകി. ഡ്രെയിനേജ്, കൾവർട്ട്, സൈഡ് പ്രൊട്ടക്ഷൻ തുടങ്ങിയ പ്രവൃത്തികൾ വേഗത്തിലാക്കാനും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൃത്യമായ വിലയിരുത്തലുകൾ നടത്തി മുന്നോട്ടുപോകാനും നിർദ്ദേശമുണ്ടായി.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ കുടിവെള്ള ഗുണനിലവാരവും വാട്ടർ ടാങ്കുകളുടെ ശുചിത്വവും ഉറപ്പാക്കേണ്ടതുണ്ട്. തുറന്ന കിണറുകളിലെയും കുഴൽക്കിണറുകളിലെയും ജലസ്രോതസ്സുകൾ കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ യോഗത്തെ അറിയിച്ചു.
പഞ്ചായത്തുകളിൽ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 2,731 കുടുംബങ്ങൾക്ക് വിവിധ ഘട്ടങ്ങളിലായി ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും വീടുപണി സമയബന്ധിതമായി പൂർത്തിയാക്കാനാകും. ആദിവാസി ഊരുകളുടെ പുനരധിവാസം, കുടിവെള്ള പദ്ധതികൾ, വൈദ്യുതി ബിൽ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
ഗോത്രമേഖലകളിൽ പ്രവർത്തനരഹിതമായ കുടിവെള്ള പദ്ധതികളെക്കുറിച്ചും വൈദ്യുതി ബിൽ അടയ്ക്കാത്തത് സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ എംപി ആവശ്യപ്പെട്ടു. ചെട്ട്യാലത്തൂരിലെ 71 കുടുംബങ്ങളിൽ 18 കുടുംബങ്ങളുടെ വീടുനിർമ്മാണം പൂർത്തിയായി, 20 കുടുംബങ്ങളുടെ പണി പുരോഗമിക്കുന്നു.
പൂച്ചാട് ഉന്നതിയിൽ 75 കുടുംബങ്ങൾക്ക് സഹായം നൽകിയതിൽ 54 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയായി. 19 കുടുംബങ്ങളുടെ റജിസ്ട്രേഷൻ നടപടികൾ തീർന്നിട്ടുണ്ട്.
രണ്ട് കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്താനുണ്ടെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ, ബോയിസ് ടൗൺ ഉൾപ്പെടെ നെറ്റ്വർക്ക് ലഭ്യത മോശമായ 20 പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് എംപി വ്യക്തമാക്കി.
ദുരന്തമുഖങ്ങളിൽ ആശയവിനിമയം ഉറപ്പാക്കാൻ ‘സെൽ ഓൺ വീൽസ്’ സംവിധാനം സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുനെല്ലി അപ്പപ്പാറ കോളനി, പനവല്ലി എന്നിവിടങ്ങളിൽ പുതിയ മൊബൈൽ ടവറുകൾക്കായി കേന്ദ്രമന്ത്രി അനുമതി നൽകിയിട്ടുണ്ടെന്നും ഇതിനായുള്ള ഭൂമി വിതരണം വേഗത്തിലാക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും അവർ പറഞ്ഞു.
പോഷൻ ട്രാക്കർ ആപ്പുമായി ബന്ധപ്പെട്ട് അങ്കണവാടി ജീവനക്കാരും ഗുണഭോക്താക്കളും നേരിടുന്ന പ്രയാസങ്ങൾ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നെറ്റ്വർക്ക് ലഭ്യത കുറഞ്ഞ മേഖലകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിലും ഒടിപി പരിശോധനയിലും വരുന്ന തടസ്സങ്ങൾ കേന്ദ്ര സർക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
ക്ഷയരോഗ നിർമ്മാർണ്ണ പ്രവർത്തനങ്ങളുടെ പുരോഗതിയും ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണവും യോഗം വിലയിരുത്തി. സുൽത്താൻ ബത്തേരി – അമ്പുകുത്തി – അമ്പലവയൽ റോഡ്, അമ്പലവയൽ – അമ്മയിപ്പാലം റോഡ് എന്നിവ സിആർഐഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻഗണനാടിസ്ഥാനത്തിൽ നിർമ്മിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചതായി എംപി വ്യക്തമാക്കി.
ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രായോഗിക പരിഹാരം കാണാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ രണ്ടാംഘട്ട
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ബാക്കിയുള്ള 150 ഓളം വീടുകളുടെ പണി ഒക്ടോബർ 31 നകം പൂർത്തിയാക്കുമെന്നും ടൗൺഷിപ്പ് ചീഫ് ഓപറേറ്റിങ് ഓഫീസർ യോഗത്തെ അറിയിച്ചു. അങ്കണവാടി, പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം, ഫുട്ബോൾ കോർട്ട് എന്നിവയുൾപ്പെടെയുള്ള മുഴുവൻ നിർമ്മാണങ്ങളും ഡിസംബർ 31 ഓടെ പൂർത്തിയാക്കും.
വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന ജോലികളും നടന്നുവരുന്നു. കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ ഐ.സി.
ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ സി. ചെൽസസിനി, എഡിഎം അജീഷ്, പിഎയു പ്രൊജക്ട് ഡയറക്ടർ ജി.പി.
ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

