ആലുവയിലെ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ 28 മുതൽ നവംബർ 6 വരെയുള്ള പത്ത് ദിവസങ്ങളിൽ പൂർണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തൃശൂർ ഭാഗത്തുനിന്ന് ആലുവ, എറണാകുളം ഭാഗത്തേക്ക് എത്തുന്ന ഗ്യാസ് പെട്രോളിയം ടാങ്കറുകൾ, കണ്ടെയ്നറുകൾ, ടോറസ് ഉൾപ്പെടെയുള്ള എല്ലാ വലിയ ഭാരവാഹനങ്ങളും അങ്കമാലിയിൽ നിന്നും കാലടി പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. എറണാകുളം ഭാഗത്തുനിന്നും വരുന്ന ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ ലോറി, ടോറസ് തുടങ്ങിയ എല്ലാ വലിയ ഭാരവാഹനങ്ങളും കളമശ്ശേരിയിൽ നിന്നും തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂർ വഴിയാണ് പോകേണ്ടത്.
വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വാഹനങ്ങൾ കടുങ്ങല്ലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് യു.സി കോളേജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി ആലുവ ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്. ആലുവയിൽ നിന്നും വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി പോകണം.
പറവൂർ കവല തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽ നിന്നും ഗതാഗതം അനുവദിക്കുന്നതല്ല. അങ്കമാലി, പറവൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പറവൂർ കവലയിൽ നിന്നും മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാർഗ്ഗം മാത്രം സഞ്ചരിക്കേണ്ടതാണ്.
മാർത്താണ്ഡവർമ പുതിയ പാലം വഴി ഇരുവശങ്ങളിലേക്കും ഒരേസമയം ഒരു വരിയായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രാക്കാർ ഈ ഗതാഗത നിയന്ത്രണങ്ങൾ മുൻകൂട്ടി കണ്ട് തങ്ങളുടെ യാത്രാസമയം ക്രമീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ പരമാവധി പൊതുഗതാഗതം ഉപയോഗപ്പെടുത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

