നെയ്യാറ്റിൻകര ∙ വിഴിഞ്ഞം – പൂവാർ റോഡിൽ ഗതാഗത നിയമലംഘനങ്ങൾ വർധിക്കുന്നതായി വ്യാപക പരാതി. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കരുംകുളം മുതൽ കൊച്ചുപള്ളി വരെയുള്ള പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും ഗുരുതരമായ പരാതികൾ ഉയർന്നു വന്നിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത യുവാക്കൾ ഓടിക്കുന്ന ഇരുചക്ര വാഹനങ്ങളാണ് ഈ പാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾക്ക് കാരണമാകുന്നത്.
സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ രാവിലെയും വൈകിട്ടുമാണ് വ്യാപകമായ നിയമലംഘനങ്ങൾ നടക്കുന്നത്. കെഎസ്ആർടിസി ബസുകളുടെയും സ്കൂൾ ബസുകളുടെയും പിന്നാലെ അതിവേഗത്തിൽ ഇരുചക്രവാഹനങ്ങൾ പായുന്നതു യാത്രക്കാരിൽ ആശങ്ക പരത്തുന്നുണ്ട്.
രണ്ടു പേർക്കു മാത്രം സഞ്ചരിക്കാവുന്ന സ്കൂട്ടറുകളിൽ മൂന്നും നാലും പേർ ഒരേസമയം യാത്ര ചെയ്യുന്നത് ഈ ഭാഗത്ത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. നഗ്നമായ നിയമലംഘനങ്ങളും അമിതവേഗതയും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് വലിയ തോതിലുള്ള ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
പ്രദേശത്ത് പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും പരിശോധനകൾ തീരെ കുറവാണെന്നും, ഈ സാഹചര്യം നിയമലംഘകർ അനുകൂലമാക്കുകയാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. രാസലഹരിയും കഞ്ചാവും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച ശേഷം വാഹനങ്ങളുമായി ചീറിപ്പാഞ്ഞുപോകുന്നത് പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
പ്രദേശത്ത് എഐ, ട്രാഫിക് സർവൈലൻസ് ക്യാമറകൾ സ്ഥാപിക്കുന്നത് ഒരുപരിധി വരെ നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജനം ചൂണ്ടിക്കാണിക്കുന്നു. ഇതിനോടൊപ്പം തന്നെ പൊലീസ് ശക്തമായ പട്രോളിങ് നടത്തണമെന്നും നാട്ടുകാർ ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

