ഉഡുപ്പി മണിപ്പാലിലെ വാടകവീട്ടിൽ യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തും അയൽവാസിയുമായ യുവതിയെ മണിപ്പാൽ പോലീസ് അറസ്റ്റ് ചെയ്തു. അങ്കോള ഖേനി സ്വദേശിനിയായ സുഷമ അന്നപ്പ നായിക്കിനെയാണ് (31) പോലീസ് കസ്റ്റഡിയിലെടുത്തത്.
മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള സ്വദേശിനിയായ യോഗിതയ്ക്കാണ് ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഈ മാസം 12-നായിരുന്നു കേസിനാസ്പദമായ സംഭവം.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് സഹപ്രവർത്തകർ മടങ്ങിയെത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ യോഗിതയെ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ശ്രദ്ധയിൽപ്പെട്ടു.
സിമന്റ് കട്ട ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ആക്രമണത്തിന് ശേഷം, സംശയങ്ങൾ ഒഴിവാക്കാനായി യോഗിതയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചവരിൽ പ്രതിയായ സുഷമയുമുണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
സാമ്പത്തിക പ്രയാസങ്ങൾ കാരണം മോഷണം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതിയിൽ നിന്ന് യോഗിതയുടെ സ്വർണ്ണമാലയും കമ്മലുകളും പോലീസ് കണ്ടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

