ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതുതരം നീക്കങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ രാംലീല മൈതാനത്ത് സംഘടിപ്പിച്ച ദസറ ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്താൻ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഈ നിർണായക പരാമർശം.
തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് വിജയദശമിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ചടങ്ങിൽ സംസാരിക്കവെ ഇങ്ങനെ വ്യക്തമാക്കി: ‘‘വിജയദശമിയുടെ പുണ്യവേളയിൽ ഭഗവാൻ ശ്രീരാമന്റെയും ജാനകീമാതാവിന്റെയും ബജ്രംഗ്ബലിയുടെയും പാദങ്ങളിൽ ഞാൻ പ്രണാമമർപ്പിക്കുന്നു. പവിത്രമായ ഈ അന്തരീക്ഷത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ.
സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ വിജയദശമി, സത്യത്തിന്റെയും നീതിയുടെയും അനശ്വരമായ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്’’ രാജ്യം എല്ലാ മേഖലയിലും പൂർണമായ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
സ്വന്തം വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി ആർജ്ജിക്കുമ്പോൾ മാത്രമെ ഒരു രാഷ്ട്രത്തിന് യഥാർത്ഥ പുരോഗതി കൈവരിക്കാനാകൂ. കടുത്ത പ്രതിസന്ധി ഘട്ടങ്ങളെ സ്വന്തം കഴിവുകളും ആത്മവിശ്വാസവും കൊണ്ട് എങ്ങനെ നേരിടണമെന്ന് ശ്രീരാമന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

