തിരുവനന്തപുരം: സ്പൈനല്‍ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതരായ കുട്ടികള്‍ക്കായി ആരോഗ്യ വകുപ്പ് വിതരണം ചെയ്തുതുടങ്ങിയ പുതിയ മരുന്നിന്റെ സുരക്ഷാകാര്യങ്ങളിൽ ആശങ്കയറിയിച്ച് രക്ഷിതാക്കൾ രംഗത്ത്. തദ്ദേശീയമായി നിർമ്മിച്ച പുതിയ മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ് കുടുംബങ്ങളിൽ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.
ഗുരുതര രോഗാവസ്ഥയിലുള്ള പിഞ്ചുകുഞ്ഞുങ്ങളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ ഈ ആശങ്കകൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ആരോഗ്യ വകുപ്പ്, കേന്ദ്ര സർക്കാരിന്റെ പൂർണ്ണാനുമതിയോടെയുള്ള ഔദ്യോഗിക മരുന്നാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കി.
സംസ്ഥാനത്തെ എസ്എംഎ ക്ലിനിക്കുകൾ വഴി ഇന്ത്യൻ നിർമ്മിതമായ പുതിയ മരുന്നിന്റെ വിതരണം ഇന്നലെ മുതലാണ് ആരംഭിച്ചത്. ഇതിനു മുൻപ് നൽകിവന്നിരുന്നത് ഏകദേശം 15 ലക്ഷത്തോളം രൂപ വിലവരുന്ന വിദേശ നിർമ്മിത മരുന്നായിരുന്നു.
നിലവിൽ വിതരണം ചെയ്യുന്ന 8000 രൂപ വിലയുള്ള ഇന്ത്യൻ മരുന്നിന്റെ പാക്കറ്റിൽ സാമ്പിൾ എന്ന് കാണിച്ചതാണ് രക്ഷിതാക്കളെ ആശങ്കപ്പെടുത്താൻ കാരണം. ഈ പുതിയ മരുന്നിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ ഔദ്യോഗിക രേഖകളോ ആരോഗ്യ വകുപ്പ് തങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.
രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുത്താണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെതിരെ രംഗത്തുവന്നത്. ലേബലിൽ സാമ്പിൾ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ കുഞ്ഞുങ്ങൾക്ക് നൽകുന്നത് നിസ്സാരമായി കാണാനാകില്ലെന്നും, ഇത് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ചുള്ള പന്താട്ടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രക്ഷിതാക്കളുടെ ഭീതിക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് തിരുവനന്തപുരം എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.
റിയാസ് വ്യക്തമാക്കി. രാജ്യത്ത് ഔദ്യോഗികമായി ലഭിക്കേണ്ട
എല്ലാവിധ നിയമപരമായ അംഗീകാരങ്ങളും പുതിയ മരുന്ന് കരസ്ഥമാക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാകുന്നതിലൂടെ കൂടുതൽ കുട്ടികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
പാക്കറ്റിൽ സാമ്പിൾ എന്ന് അടിച്ചുവെച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഉപയോഗിക്കുന്ന യഥാർത്ഥ മരുന്നും ഇതും തമ്മിൽ ഗുണനിലവാരത്തിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ കേരളത്തിൽ എസ്എംഎ ബാധ സ്ഥിരീകരിച്ച 108 കുട്ടികൾക്കാണ് സർക്കാർ സൗജന്യമായി മരുന്ന് നൽകിവരുന്നത്.
ഈ ഇന്ത്യൻ കമ്പനിയുടെ മരുന്ന് ഇതിനോടകം തന്നെ രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിച്ചുവരുന്നുണ്ട്. നേരത്തെ ഉപയോഗിച്ചിരുന്ന വിദേശ മരുന്ന് കമ്പനിയും നിലവിലുള്ള ഇന്ത്യൻ കമ്പനിയും തമ്മിൽ പേറ്റന്റുമായി ബന്ധപ്പെട്ട് ദീർഘകാലമായി തർക്കങ്ങൾ നിലനിന്നിരുന്നു.
കോടതിയുടെ അന്തിമ ഇടപെടലിനെ തുടർന്നാണ് ഇന്ത്യൻ കമ്പനിക്ക് ഔദ്യോഗികമായി മരുന്ന് ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

