രാജ്യത്ത് സ്വർണ വാങ്ങലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം, നിലവിലുള്ള സ്വർണശേഖരത്തെ സുതാര്യമായ രീതിയിൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുന്ന ദീർഘകാല നയങ്ങൾ രൂപീകരിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു. സ്വർണ വിൽപനയിലും ഉപയോഗത്തിലും കർശനമായ നടപടികൾ വേണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആഭരണ വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും, ഇത് അനധികൃത കടത്തുകൾ വർധിക്കുന്നതിന് കാരണമാകുമെന്ന് അസോസിയേഷൻ വിലയിരുത്തുന്നു. ഇന്ത്യയുടെ പക്കലുള്ള സ്വർണശേഖരത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ സാധിച്ചാൽ, ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടാക്കാനും അതുവഴി വിദേശനാണ്യ ചെലവ് ലാഭിക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം നയപരമായ മാറ്റങ്ങൾ ആഭ്യന്തര വ്യവസായത്തെയും തൊഴിൽ മേഖലയെയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും എസ്.അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

