തിരുവനന്തപുരം നഗരത്തിലെ ആക്കുളം പിആർഎസ് ലേക്ക്വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡും സംരക്ഷണഭിത്തിയും 30 മീറ്റർ താഴ്ചയിലേക്ക് ഇടിഞ്ഞുതാണ സംഭവത്തിൽ ഗുഡ്ഷെപ്പേഡ് സ്കൂൾ അധികൃതർക്കെതിരെ ഗുരുതര കണ്ടെത്തൽ. ആവശ്യമായ മുൻകരുതലുകളില്ലാതെയാണ് സ്കൂൾ പരിസരത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് തിരുവനന്തപുരം കലക്ടർ കെ.എസ്.അഞ്ജുവിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിർമാണത്തിന് അനുമതി നൽകിയപ്പോൾ നിഷ്കർഷിച്ച വ്യവസ്ഥകൾ പ്രകാരമുള്ള സംരക്ഷണഭിത്തി നിർമിച്ചിട്ടില്ലെന്ന് വിവിധ വകുപ്പുകളുടെ പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിർമാണാനുമതിയുടെ പരിധി ലംഘിച്ചിട്ടുണ്ടോയെന്നും, അനുവദിച്ചതിനേറെ മണ്ണ് നീക്കിയിട്ടുണ്ടോയെന്നും പരിശോധിച്ച് നിയമനടപടി സ്വീകരിക്കണം.
പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിലുണ്ടാകുന്നത് തടയാൻ അടിയന്തര താൽക്കാലിക സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, അപകടാവസ്ഥ പൂർണമായി പരിഹരിക്കുന്നതുവരെ സ്കൂളിലെ മറ്റു നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും കലക്ടർ നിർദേശിച്ചു. സ്കൂൾ വളപ്പിൽ പുതിയ ബ്ലോക്കിന്റെ നിർമാണത്തിനിടെ ഫ്ലാറ്റിനു മുന്നിലെ റോഡിനോടു ചേർന്ന അതിർത്തിയിലെ മണ്ണ് നീക്കിയതോടെയാണ് റോഡും സംരക്ഷണഭിത്തിയും അപകടകരമായ രീതിയിൽ താഴ്ന്നത്.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഈ വലിയ അപകടമുണ്ടായത്. താമസക്കാരെ ഒഴിപ്പിച്ചു പ്രദേശത്തെ ഗുരുതരമായ അപകടഭീഷണി കണക്കിലെടുത്ത് കലക്ടറുടെ നിർദേശപ്രകാരം ഫ്ലാറ്റിലെ മുഴുവൻ താമസക്കാരെയും ചൊവ്വാഴ്ച രാത്രിയോടെ സുരക്ഷിതമായി ഒഴിപ്പിച്ചു.
തുടർന്ന് സ്കൂൾ അധികൃതർ 5 കേന്ദ്രങ്ങളിലായി 42 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കി നൽകി. മറ്റ് 28 കുടുംബങ്ങൾ സ്വന്തം നിലയിലാണ് താമസസൗകര്യം കണ്ടെത്തിയത്.
എന്നാൽ തങ്ങൾക്കൊരുക്കിയ താൽക്കാലിക താമസസൗകര്യങ്ങൾ വളരെ പരിമിതമാണെന്ന് ഫ്ലാറ്റ് താമസക്കാർ പരാതി ഉയർത്തി. വിഷയം ഉടൻ പരിഹരിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
இதനിടെ, ബുധനാഴ്ച രാവിലെ സ്കൂൾ പരിസരത്തുനിന്ന് മണ്ണ് നീക്കം ചെയ്യാൻ അധികൃതർ നടത്തിയ ശ്രമം പ്രദേശത്ത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. വിവരമറിഞ്ഞ് വില്ലേജ് ഓഫിസറും ജനപ്രതിനിധികളും സ്ഥലത്തെത്തി സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് നിർമാണപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്.
അതേസമയം, എല്ലാ നിയമനടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചാണ് തങ്ങൾ നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു. തകർന്നുപോയ റോഡും സംരക്ഷണഭിത്തിയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ കൃത്യമായ നിർദേശപ്രകാരം എത്രയും വേഗം പുനർനിർമിച്ചു നൽകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

