ത്രിപുരയിൽ രാഷ്ട്രീയ രംഗത്ത് നിർണ്ണായക വഴിത്തിരിവ്. ത്രിപുര രാജകുടുംബാംഗവും തിപ്ര മോത പാർട്ടി സ്ഥാപകനുമായ പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമ സജീവ രാഷ്ട്രീയത്തോട് വിടപറയുന്നു.
അടുത്ത മാസത്തിന് ശേഷം താൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്തിടെ നടന്ന വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ തിപ്ര മോത പാർട്ടി മികച്ച വിജയം നേടിയതിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
സ്വന്തം ആരോഗ്യത്തിനും കുടുംബത്തിനും മുൻഗണന നൽകാനാണ് വർഷങ്ങൾ നീണ്ട പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രദ്യോത് ദേബ്ബർമ വ്യക്തമാക്കി.
ഇതൊരു താൽക്കാലിക പിന്മാറ്റമോ വൈകാരികമായ തീരുമാനമോ അല്ലെന്നും, പൂർണ്ണമായും ആലോചിച്ചെടുത്ത സ്ഥിരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കുക എന്നതായിരുന്നു തന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയമായി വലിയൊരു നേട്ടത്തിൽ നിൽക്കുമ്പോഴും, വർഷങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നയപരമായ ചർച്ചകളും വലിയ ഉത്തരവാദിത്തങ്ങളും തന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയാലും ത്രിപുരയിലെ ജനങ്ങളിൽ നിന്ന് താൻ അകന്നുനിൽക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
ജനങ്ങളുമായി എപ്പോഴും സമ്പർക്കം പുലർത്തുമെന്നും അവരുടെ അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടിയുള്ള ശബ്ദമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രൂ അഭയാർത്ഥി പ്രശ്നപരിഹാരവും തിപ്രസ കരാറിനായുള്ള പോരാട്ടവും തന്റെ പൊതുജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഏതൊരു വ്യക്തിയേക്കാളും രാഷ്ട്രീയ പാർട്ടിയേക്കാളും വലുതാണ് തിപ്രസ കരാറെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിശ്ചിത സമയത്തിനുള്ളിൽ ഇത് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ത്രിപുര മുഖ്യമന്ത്രി ഡോ.
മണിക് സാഹയും നൽകിയ ഉറപ്പുകൾ രാഷ്ട്രീയ കാരണങ്ങളാൽ വൈകിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് 2019-ലാണ് പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമ തിപ്ര മോത പാർട്ടി രൂപീകരിച്ചത്.
തുടർന്ന് 2021-ൽ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണോമസ് ഡിസ്ട്രിക്റ്റ് കൗൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. തുടർന്ന് 2023-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 60-ൽ 13 സീറ്റുകൾ നേടാൻ പാർട്ടിക്കായി.
ഇതിന് തൊട്ടടുത്ത വർഷം തിപ്ര മോത പാർട്ടി സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരുമായി സഖ്യത്തിൽ ചേരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

