ന്യൂഡൽഹി: സ്വന്തം ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നതിന് രാജ്യത്തെ ചില സ്വാധീനശക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി പ്രമുഖ ശതകോടീശ്വരൻ ഇലോൺ മസ്ക് രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ മേലുള്ള തങ്ങളുടെ കുത്തകാവകാശം സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.
താൻ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമാണെന്നും, ഇത് പൊതുജനങ്ങളോട് ചെയ്യുന്ന വലിയൊരു കുറ്റകൃത്യമാണെന്നും ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു. ഭരണതലത്തിൽ സ്വാധീനമുള്ള പ്രഭുക്കളെ സൂചിപ്പിക്കാൻ ‘ഒലിഗാർക്ക്’ എന്ന വാക്കാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചത്.
റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികളെ ലക്ഷ്യമിട്ടാണ് ഈ പരാമർശമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യത്തെ ടെലികോം കമ്പനികളുടെ സംഗമമായ ഇന്ത്യ മൊബൈൽ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ നിർണായക പ്രസ്താവന പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഡിഡിഎച്ച് ഡിഷ് ടിവി സേവനങ്ങൾക്ക് സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ആന്റിനകൾ വഴിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നത്. സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും, അന്തിമ സുരക്ഷാ അനുമതികൾ ലഭിക്കാനുള്ള കാത്തിരിപ്പ് ഒരു വർഷത്തിലേറെയായി നീളുകയാണ്.
സ്പെക്ട്രം വില ട്രായ് അന്തിമമാക്കിയ ഉടൻ രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നുവെങ്കിലും തുടർനടപടികൾ വൈകുകയാണ്. ഇതിനിടെ റിലയൻസും എയർടെലും സമാനമായ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനങ്ങൾ ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

