കൊല്ലം നീണ്ടകര സ്വദേശിനിയായ യുവതിയെ ഭർത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
നീണ്ടകര സ്വദേശിയായ അഞ്ജുവിനെയാണ് ഭർത്താവ് ക്രൂരമായി മർദിച്ചത്. സൗദി അറേബ്യയിൽ വെച്ചായിരുന്നു യുവതി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായത്.
ഭർത്താവായ നന്ദുവും ഭർതൃവീട്ടുകാരും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണ് അഞ്ജുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്. സൗദിയിലെ വസതിയിൽ വെച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതായി യുവതി വെളിപ്പെടുത്തി.
മർദനത്തെ തുടർന്ന് അഞ്ജുവിന്റെ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും, ഈ ഭീഷണിപ്പെടുത്തലുകൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതായും യുവതി ആരോപിച്ചിരുന്നു.
അഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ ചവറ പൊലീസ് കഴിഞ്ഞ ദിവസം കേസ രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടയിലാണ് ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ ഇടപെട്ട് നടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

