ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസും കെഎസ്യു പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, പഴയങ്ങാടിയിൽ നടന്ന സമാനമായ സംഭവം വീണ്ടും നിയമവൃത്തങ്ങളിൽ ചർച്ചയാകുന്നു. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ വെച്ച് നടന്ന നവകേരള സദസ്സിനുശേഷം തളിപ്പറമ്പിലേക്ക് യാത്ര തിരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളെ മർദിച്ച സംഭവമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ചു സന്തോഷ് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. ഈ സംഭവത്തിൽ ജില്ലാ സെക്രട്ടറി മഹിത മോഹൻ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, സായി ശരൺ എന്നിവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
ഈ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം അത് “ജീവൻരക്ഷാപ്രവർത്തനമായിരുന്നു” എന്ന് പ്രസ്താവിച്ചത് സംസ്ഥാനതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ഇത്തരം രീതിയിലുള്ള ആദ്യ ‘ജീവൻരക്ഷാ’ പ്രവർത്തനത്തിന് ഇരകളായവരാണ് പരുക്കേറ്റ ഈ പ്രവർത്തകർ. സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിൽ എട്ടുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ സംഭവത്തിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച സംഭവത്തിൽ അഞ്ച് യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

