കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കലിൽ പൊള്ളാച്ചി സ്വദേശികളായ കുടുംബം താമസമാക്കിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിരുന്നുള്ളൂ. പ്രദേശത്തെ സാഹചര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന കുടുംബം ഇക്കഴിഞ്ഞ പെരുമഴയത്ത് ദുരിതമുഖത്തായി.
ജില്ലയിൽ മഴ കനത്ത രണ്ടാം ദിനമായ ഓഗസ്റ്റ് മൂന്നിന് പുലർച്ചെ നാലു മണിയോടെ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷിലേക്ക് സഹായം തേടി ഫോൺ വിളിയെത്തി. വീടിനുള്ളിൽ വെള്ളം അതിവേഗം കയറുകയാണെന്നും ഉടൻ രക്ഷിക്കണം എന്നായിരുന്നു ആധി നിറഞ്ഞ ശബ്ദത്തിൽ ആ ഫോൺ കോളിലെ അഭ്യർഥന.
സന്ദേശം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആ കുടുംബത്തിന് അത് ജീവൻ തിരിച്ചുകിട്ടിയ നിമിഷമായി.
പിന്നിട്ട ദിവസങ്ങളിലെ ശക്തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിന് അടിയിലായപ്പോൾ ഇത്തരത്തില് നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ജില്ലയിലെ അഗ്നിരക്ഷാസേന കൈത്താങ്ങായത്.
പ്രളയജലം പിന്മാറുമ്പോൾ ജനം ഓർക്കുന്നത് വീടുകളിൽ കയറിയ ജലത്തെ മാത്രമാവില്ല, ഇരുട്ടിലും കുത്തൊഴുക്കിലും ഭയപ്പെടാതെ ബോട്ടുമായി എത്തിയ അഗ്നിരക്ഷാസേനയുടെ ധീരമുഖങ്ങളാണ്. ദുരന്തമുഖത്ത് അഗ്നിരക്ഷാസേനയുടെ കരുത്തും മനുഷ്യസ്നേഹത്തിന്റെ യഥാർഥ മുഖവും ഒരുപോലെ തെളിയിച്ചാണ് പിന്നിട്ട
മൂന്ന് ദിവസങ്ങൾ കടന്നുപോയത്. ചാലിയാർ, പൂനൂർ പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകി നിരവധി വീടുകളിലേക്ക് പ്രളയജലം ഇരച്ചു കയറിയതോടെ കഴിഞ്ഞ മൂന്ന് ദിവസമായി രാവും പകലും വിശ്രമമില്ലാതെ ജീവൻ പണയം വച്ചായിരുന്നു അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനം.
നാട്ടിടവഴികൾ പോലും വെളളത്തിൽ ചുറ്റപ്പെട്ടതോടെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട 286 പേരെ ജീവനോടെ കരകയറ്റിയാണ് ജില്ലയിലെ അഗ്നിരക്ഷാസേന പ്രളയത്തിന് മുന്നിൽ മനുഷ്യകവചമായത്.
ജില്ലാ ഫയർ ഓഫിസർ ജോസഫ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ദൗത്യത്തിൽ ജില്ലയിലെ മുഴുവൻ സേനാംഗങ്ങളും രക്ഷാപ്രവർത്തന രംഗത്ത് സജീവമായി. വെള്ളിമാടുകുന്ന്, മീഞ്ചന്ത, മാവൂർ, മുക്കം സ്റ്റേഷനുകളുടെ പരിധിയിൽ ആയിരുന്നു കൂടുതൽ പ്രളയം ബാധിച്ചത്.
രക്ഷപ്പെടുത്തിയ 286 പേരിൽ 22 കിടപ്പുരോഗികളും ഉൾപ്പെടുന്നു. വീടുകൾക്കുള്ളിൽ കുടുങ്ങിയ കിടപ്പുരോഗികളെ അതീവ ജാഗ്രതയോടെ സേനാംഗങ്ങൾ സ്ട്രെച്ചറുകളിൽ കയറ്റി റബർ ഡിങ്കി ബോട്ടുകളിൽ എത്തിച്ച ശേഷം ആശുപത്രികളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും സുരക്ഷിതമായി മാറ്റുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് രാത്രികാല ദൗത്യങ്ങളായിരുന്നു. പകൽ സമയത്ത് ‘വീട് വിട്ടുപോകില്ല’ എന്ന് പറഞ്ഞ പലരും രാത്രിയിൽ വെള്ളം അതിവേഗം ഉയർന്നതോടെ അഗ്നിരക്ഷാസേനയെ വീണ്ടും വിളിച്ച് സഹായം അഭ്യർഥിച്ചു.
വൈദ്യുതി ഇല്ലാത്തതും വെളിച്ചക്കുറവും കാരണം ടോർച്ചിന്റെ വെളിച്ചം മാത്രമായിരുന്നു പലപ്പോഴും സേനയുടെ ആശ്രയം. വെള്ളം കയറിയ വീടുകളിലേക്ക് ബോട്ടുമായി പോകുമ്പോൾ പറമ്പുകളിലെ മുൾവേലികളും വെള്ളത്തിന് അടിയിലായിരുന്ന കൂർത്ത വസ്തുക്കളും റബർ ഡിങ്കി ബോട്ടുകൾക്ക് വലിയ ഭീഷണിയായി.
എങ്കിലും അപകടസാധ്യതകൾ മറികടന്ന് ഓരോ ജീവനും സുരക്ഷിതം ആക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സേനയുടെ മുന്നേറ്റം. ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനം നടന്നത് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷന്റെ പരിധിയിലായിരുന്നു.
സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിൽ നിന്ന് മാത്രം 200 ൽ ഏറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. പ്രത്യേകിച്ച് കണ്ണാടിക്കൽ, വടക്കേ വയൽ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.
പുഴയോരത്തെ വീടുകളിലേക്ക് ബോട്ടുമായി പ്രവേശിക്കുമ്പോൾ പുഴയിൽ നിന്നുള്ള ശക്തമായ കുത്തൊഴുക്ക് പലപ്പോഴും രക്ഷാപ്രവർത്തകരുടെ ജീവനും വെല്ലുവിളിയായി. ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കർശനമായി ഉപയോഗിച്ചായിരുന്നു ഓരോ ദൗത്യവും പൂർത്തിയാക്കിയത്.
ദുരന്തകാലത്ത് അഗ്നിരക്ഷാസേനയിലെ ജീവനക്കാർ അവധിയും വിശ്രമവും പൂർണമായും മാറ്റിവച്ചാണ് സേവനത്തിനിറങ്ങിയത്. പ്രളയ രക്ഷാപ്രവർത്തനം മാത്രമല്ല, അതിനിടെ ഉണ്ടായ മറ്റ് അടിയന്തര സംഭവങ്ങളിലും സേനാംഗങ്ങൾ സജീവമായി ഇടപെട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 25 ഓളം മരങ്ങൾ കടപുഴകി റോഡിലേക്ക് വീണത് നീക്കം ചെയ്യുന്നതിനും തീപിടിത്തങ്ങൾക്കും കിണർ അപകടങ്ങൾക്കും ഉൾപ്പെടെ മറ്റ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും സേന സമയോചിതമായി എത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

