എറണാകുളം ജില്ലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി, കാട്ടാനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി എല്ലാ ഫോറസ്റ്റ് ഡിവിഷനുകളെയും ഉൾപ്പെടുത്തി വിപുലമായ സംയുക്ത യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാതിർത്തികളിൽ മാത്രമല്ല, ജനവാസ മേഖലകളിലേക്കും ആനകൾ ഇറങ്ങുന്നത് ആശങ്കാജനകമാണെന്നും, ഇത് തടയാൻ മുഴുവൻ ഫോറസ്റ്റ് ഡിവിഷനുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഭൂതത്താൻകെട്ട് മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്, ട്രെഞ്ചിങ്, സോളാർ ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം. ഏൽപ്പിച്ച ജോലികൾ അപൂർണ്ണമായി ഉപേക്ഷിക്കുന്ന കോൺട്രാക്ടർമാരെ കറുത്ത പട്ടികയിൽ (ബ്ലാക്ക് ലിസ്റ്റ്) ഉൾപ്പെടുത്തണമെന്നും, അവരുടെ ഡെപ്പോസിറ്റ് തുക കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട
വകുപ്പുകൾ സ്വീകരിക്കണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി. വനാതിർത്തികളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്ന പ്രവൃത്തികൾ കൂടുതൽ ജനകീയവും സൗഹാർദ്ദപരവുമായ രീതിയിൽ നടപ്പാക്കണം.
ജില്ലയിലെ വന്യജീവി പ്രശ്നങ്ങൾക്ക് അന്തിമ പരിഹാരം കാണുന്നതിനായി വനം വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ പ്രശ്നബാധിത നിയോജകമണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചുചേർത്തത്.
യോഗത്തിൽ എംഎൽഎമാരായ മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, ജില്ലാ കളക്ടർ ജി. പ്രിയങ്ക, മലയാറ്റൂർ ഡി.എഫ്.ഒ കാർത്തിക് പനീർ, കോതമംഗലം ഡി.എഫ്.ഒ സൂരജ് ബെൻ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.
മനോജ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി കെ.എ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

