ആലപ്പുഴയിൽ കെഎസ്യു പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണ സംഭവത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, പഴയങ്ങാടിയിൽ മുൻപ് നടന്ന സമാനമായ ആക്രമണവും വീണ്ടും ചർച്ചയാകുന്നു. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണമാണ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്.
ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ പരുക്കേറ്റവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ചു സന്തോഷ് എന്നിവരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കൂടാതെ ജില്ലാ സെക്രട്ടറി മഹിത മോഹൻ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, സായി ശരൺ എന്നിവർക്കും സംഭവത്തിൽ പരുക്കേറ്റിരുന്നു. ഈ ആക്രമണത്തെ മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു.
അക്രമം “ജീവൻരക്ഷാപ്രവർത്തനമായിരുന്നു” എന്ന് അദ്ദേഹം നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ ആദ്യമായി നടന്ന ‘ജീവൻരക്ഷാ’പ്രവർത്തനത്തിൽ പരുക്കേറ്റവരാണ് ഇവർ.
സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, ഇതിൽ 8 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ഈ കേസ് വിചാരണ ഘട്ടത്തിലാണ്.
അതേസമയം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളായ അഞ്ച് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

