നീറ്റ് പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് സി ജെ പി നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് കമ്മീഷണർക്ക് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള (എൻ എസ് എ) കരുതൽ തടങ്കൽ അധികാരം നൽകിയതെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ ദില്ലി പോലീസ് ഔദ്യോഗികമായി തള്ളി. എൻ എസ് എ പ്രകാരമുള്ള ഈ അധികാരങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ പുതുക്കി നൽകുന്ന പതിവ് ഭരണപരമായ നടപടി മാത്രമാണ് ഇപ്പോളുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം.
ചില കോണുകളിൽ നിന്ന് സംഭവത്തെ വസ്തുതാവിരുദ്ധമായും സന്ദർഭത്തിൽ നിന്ന് വേർപെടുത്തിയുമാണ് വ്യാഖ്യാനിച്ചതെന്നും ദില്ലി പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ എൻ എസ് എ ഉത്തരവ് പുറപ്പെടുവിച്ചത് ജൂലൈ ഏഴിനാണെന്നും ഇത് ജൂലൈ 19 മുതൽ ഒക്ടോബർ 18 വരെയുള്ള മൂന്ന് മാസത്തേക്കാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതായത് സി ജെ പി പ്രക്ഷോഭം ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഭരണഘടനാപരമായ നടപടികൾ പൂർത്തിയാക്കി ഈ ഉത്തരവ് ഇറങ്ങിയിരുന്നു എന്നാണ് വിശദീകരണം. ഇതിനായി പ്രത്യേക അഭ്യർത്ഥനകളോ പുതിയ നീക്കങ്ങളോ നടത്തിയിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കമ്മീഷണർക്ക് എൻ എസ് എ പ്രകാരം ആളുകളെ തടങ്കലിൽ വയ്ക്കാനുള്ള അടിയന്തിര അധികാരം നൽകിയെന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് എടുത്തുപറഞ്ഞു. മൂന്ന് മാസം കൂടുമ്പോൾ കൃത്യമായി നടക്കാറുള്ള ഉത്തരവ് പുതുക്കൽ മാത്രമാണിതെന്നും, പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വാർത്തകൾ നൽകരുതെന്നും ദില്ലി പൊലീസ് അഭ്യർത്ഥിച്ചു.
അതിനിടെ, രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സി ജെ പി രംഗത്തെത്തി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന.
സമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വീഥികളിലിറങ്ങുന്ന പ്രവർത്തകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനപരവും ശക്തവുമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും, പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സമരം ശക്തമാക്കുന്നതിനിടെ സി ജെ പിയെ വീണ്ടും കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.
ജെ പി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്തുന്നതാണ് ഉചിതമെന്ന് പറഞ്ഞ ജിതേന്ദ്ര സിംഗ്, വേണമെങ്കിൽ സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും വ്യക്തമാക്കി. എന്നാൽ സമര കേന്ദ്രമായ ജന്തർ മന്ദറിൽ ചർച്ച നടത്താമെന്നാണ് സി ജെ പിയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

